റുപേ പ്രൈം വോളിബോൾ ലീഗ് കിരീടത്തിനായി കൊൽക്കത്ത-അഹമ്മദാബാദ് പോരാട്ടം

ഹൈദരാബാദ്, 26 ഫെബ്രുവരി 2022: പോരാട്ട വീര്യം നിറഞ്ഞ 23 മത്സരങ്ങൾക്ക് ശേഷം, ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച റുപേ പ്രൈം വോളിബോൾ ലീഗിന്റെ കലാശക്കളി. വൈകിട്ട് 6.50ന് തുടങ്ങുന്ന കിരീടപ്പോരിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സ് കൊൽക്കത്ത തണ്ടർബോൾട്ട്സിനെ നേരിടും.

വ്യാഴാഴ്ച നടന്ന ആദ്യ സെമിയിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് 4-1ന് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ പരാജയപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച നടന്ന രണ്ടാം സെമിയിൽ കാലിക്കറ്റ് ഹീറോസിനെ 3-0ന് പരാജയപ്പെടുത്തിയാണ്
കൊൽക്കത്ത തണ്ടർബോൾട്ട്സ് ഫൈനലിന് യോഗ്യത നേടിയത്. ലീഗിൽ ആകെ 7 ടീമുകളാണ് പങ്കെടുത്തത്. ലീഗ് ഘട്ടത്തിൽ മുന്നിലെത്തിയ ആദ്യ നാലു ടീമുകൾ സെമി ഫൈനലിൽ മത്സരിച്ചു. കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ലീഗ് ഘട്ടത്തിൽ പുറത്തായി. കാലിക്കറ്റ് ഹീറോസിൻ്റെ പോരാട്ടം സെമിയിലും അവസാനിച്ചു.

ഫൈനലിൽ ടീം പ്രതിരോധക്കളി മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്ന് അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ക്യാപ്റ്റൻ മുത്തുസാമി പറഞ്ഞു. മുൻ മത്സരങ്ങളിലെ തെറ്റുകൾ തിരുത്തി ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മുത്തു സാമി പ്രത്യാശ പ്രകടിപ്പിച്ചു.

സെമിഫൈനൽ വിജയത്തിന് ശേഷം വളരെ ആത്മവിശ്വാസത്തോടെയാണ് ഞങ്ങൾ ഫൈനൽ മത്സരത്തിന് ഇറങ്ങുന്നതെന്ന് കൊൽക്കത്ത ക്യാപ്റ്റൻ അശ്വൽ റായ് പറഞ്ഞു. റുപേ പ്രൈം വോളിബോൾ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യയും ഫൈനലിന് മുന്നോടിയായുള്ള വെർച്വൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.