റുപേ പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് തോല്‍വിയോടെ തുടക്കം

Newsroom

Picsart 22 02 05 21 44 30 629
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 05 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗ് ആദ്യ സീസണിന് ഹൈദാരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആവേശോജ്വല തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 15-12, 15-11, 15-11, 15-10, 13-15. രോഹിത് കുമാറിന്റെയും അമിത് ഗുലിയയുടെയും മിന്നും പ്രകടനമാണ് ഹൈദരാബാദിന് ലീഗിലെ ആദ്യവിജയം സമ്മാനിച്ചത്. മത്സരത്തില്‍ നിന്ന് ഹൈദാരാബാദ് രണ്ടു പോയിന്റുകള്‍ നേടി.

ആദ്യ രണ്ടു പോയിന്റുകള്‍ നേടി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സാണ് മത്സരം തുടങ്ങിയത്. ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സ്‌പൈക്കിന്റെ മികവിലാണ് ടീം ആദ്യ സെറ്റില്‍ 3-1ന് മുന്നിലെത്തിയത്. ജോണ്‍ ജോസഫിന്റെ സ്‌പൈക്കിലൂടെ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് തിരിച്ചടിച്ചു. നിമിഷങ്ങള്‍ക്ക് ശേഷം രോഹിത് കുമാറും ഒരു സ്‌പൈക്കിലൂടെ ഹൈദരാബാദ് സ്‌കോര്‍ 5-5ന് സമനിലയിലാക്കി. പിന്നീട് ഹൈദരാബാദ് തകര്‍പ്പന്‍ ബ്ലോക്കിങിലൂടെ 12-10ന് രണ്ട് പോയിന്റ് ലീഡ് നേടി. 15-12ന് ആദ്യ സെറ്റും അവസാനിപ്പിച്ചു.
Picsart 22 02 05 21 44 57 879

രണ്ടാം സെറ്റിലും കൊച്ചി ഒപ്പത്തിനൊപ്പം നിന്നെങ്കിലും സെറ്റ് നേടാനായില്ല. മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ നേടിയ ലീഡ് നിലനിര്‍ത്താനും കൊച്ചിക്ക് കഴിഞ്ഞില്ല. ലീഡ് നഷ്ടപ്പെടുത്തിയ ശേഷം സ്‌പൈക്കും ബ്ലോക്കുമായി സ്‌കോര്‍ 11-14ല്‍ എത്തിച്ചെങ്കിലും 11-15ന് സെറ്റ് നേടി
ഹൈദരാബാദ് വിജയം ഉറപ്പിച്ചു. നാലാം സെറ്റ് ഹൈദരാബാദ് അധികം വിയര്‍ക്കാതെ നേടി. അഞ്ചാം സെറ്റില്‍ കൊച്ചിയുടെ തിരിച്ചുവരവ് കണ്ടു. സ്‌കോര്‍ 5-5ല്‍ നില്‍ക്കെ മുന്നേറിയ ബ്ലൂ സ്‌പൈക്കേഴ്‌സിനെ അവസാന പോയിന്റുകളില്‍ ഹൈദാരാബാദ് വീഴ്ത്തുമെന്ന് തോന്നിച്ചെങ്കിലും 15-13ന് വിജയിച്ച് കൊച്ചി ആശ്വാസ സെറ്റ് നേടി. ഹൈദാരാബാദ് അറ്റാക്കര്‍ രോഹിത്കുമാര്‍ കളിയിലെ താരമായി.
Picsart 22 02 05 21 45 18 615

ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അര്‍ജുന അവാര്‍ഡ് ജേതാവ് പി.വി രമണ, അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ശ്യാം സുന്ദര്‍ റാവു എന്നിവരെ രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ പി.വി സിന്ധു പ്രൈം വോളിബോള്‍ ലീഗ് ഹാള്‍ ഓഫ് ഫെയിം ഫലകം നല്‍കി ആദരിച്ചു. തെലങ്കാന കായിക മന്ത്രി വി.ശ്രീനിവാസ് ഗൗഡ് റുപേ പ്രൈം വോളി ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സ് അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെ നേരിടും.