റഗ്ബി ലോകകപ്പ് അമേരിക്കയെ തകർത്തു ഇംഗ്ലണ്ട്, ഇറ്റലിക്കും വലിയ ജയം

Wasim Akram

മരണഗ്രൂപ്പ് ആയ ഗ്രൂപ്പ് സിയിൽ തുടർച്ചയായ രണ്ടാം മത്സരവും ബോണസ് പോയിന്റ് നേടി ജയം കണ്ട ഇംഗ്ലണ്ട് ഗ്രൂപ്പിലെ തങ്ങളുടെ ആധിപത്യം തുടരുന്നു. കഴിഞ്ഞ മത്സരത്തിൽ ടോങോക്ക് എതിരെ വലിയ ജയം നേടിയ അവർ ഇത്തവണ 45-7 എന്ന സ്കോറിന് ആണ് അമേരിക്കയെ മറികടന്നത്. 7 ട്രൈ നേടിയ ഇംഗ്ലീഷ് ടീമിന് എതിരെ കാര്യമായി ഒന്നും ചെയ്യാൻ അമേരിക്കക്ക് ആയില്ല. ഇതോടെ അർജന്റീന, ഫ്രാൻസ് എന്നി ശക്തരെ തുടർന്ന് നേരിടേണ്ട ഇംഗ്ലണ്ടിന് ഇത് വലിയ കരുത്ത് പകരും.

അതേസമയം കാനഡയെ 48-7 നു തകർത്ത ഇറ്റലിയും ഗ്രൂപ്പ് ബിയിൽ തങ്ങളുടെ കരുത്ത് കാട്ടി. ലോകകപ്പിലെ രണ്ടാം ജയം ആണ് ഇറ്റലി കുറിച്ചത്. അടുത്ത രണ്ടു മത്സരങ്ങളിൽ കരുത്തരായ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് ടീമുകളെ നേരിടേണ്ട ഇറ്റലി വലിയൊരു അട്ടിമറി സ്വപ്നം കാണുന്നുണ്ട്. അതേസമയം ഗ്രൂപ്പ് ഡിയിൽ അപകടകാരികൾ ആയ ഫിജിയെ ഉറുഗ്വായ് അട്ടിമറിച്ചു. ആവേശകരമായ മത്സരത്തിൽ 30-27 നു ആയിരുന്നു ലാറ്റിനമേരിക്കൻ ടീമിന്റെ ജയം.