ഇന്ന് അറ്റലാന്റയ്ക്ക് എതിരെ യുവന്റസ് ഇറങ്ങിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകാനായിരുന്നു പരിശീലകൻ അലെഗ്രിയുടെ തീരുമാനം. പക്ഷെ ആ തീരുമാനം തിരിച്ചടിയായി. കളി 55 മിനുട്ട് കഴിഞ്ഞപ്പോൾ യുവന്റസ് 2-1ന് പിറകിൽ ഒപ്പം ചുവപ്പ് കാർഡ് കണ്ട് 10 പേരായി ചുരുങ്ങുകയും ചെയ്തിരിക്കുന്നു. അവസാനം റൊണാൾഡോയെ കളത്തിൽ ഇറക്കാൻ തന്നെ അലെഗ്രി തീരുമാനിച്ചു.
ആ തീരുമാനം യുവന്റസിനെ ലീഗിലെ ആദ്യ പരാജയം എന്ന നാണക്കേടിൽ നിന്ന് രക്ഷിച്ചു.65ആം മിനുട്ടിൽ കളത്തിൽ എത്തിയ റൊണാൾഡോ 78ആം മിനുട്ടിൽ യുവന്റസിനെ കാത്ത ഗോൾ അടിച്ചു. ഒരു ഹെഡറിലൂടെ ആയിരുന്നു റൊണാൾഡോയുടെ ഗോൾ. ആ ഗോൾ കളി 2-2 എന്ന സമനിലയിൽ അവസാനിക്കാൻ സഹായിക്കുകയും ചെയ്തു.
കളിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോളിലൂടെ യുവന്റസ് ലീഡ് എടുത്തതായിരുന്നു. പക്ഷെ പിന്നീട് സപാറ്റയുടെ ഇരട്ട ഗോളുകൾ അറ്റലാന്റയെ മുന്നിൽ എത്തിച്ചു. 55ആം മിനുട്ടിൽ ബെന്റകോർ ആണ് യുവന്റസ് നിരയിൽ നിന്ന് ചുവപ്പ് കണ്ടത്. യുവന്റസ് ഈ സീസൺ സീരി എയിൽ പോയന്റ് നഷ്ടപ്പെടുത്തുന്ന രണ്ടാം മത്സരം മാത്രമാണിത്. 18 മത്സരങ്ങളിൽ നിന്ന് 59 പോയന്റുമായി യുവന്റസ് തന്നെയാണ് ഇപ്പോഴും ലീഗിൽ മുന്നിൽ.