ആട് 2 ജയസൂര്യയുടെ സിനിമയുടെ പേരാണ്. പക്ഷെ ഈ കൊല്ലം ഇതിനു മറ്റൊരു അർത്ഥം കൈ വരും. ഖത്തറിൽ ഇക്കൊല്ലം നടക്കുന്ന ഫിഫ വേൾഡ് കപ്പ് മത്സര പശ്ചാത്തലത്തിൽ വേണം ഇതിനെ നോക്കി കാണാൻ. റൊണാൾഡോയും മെസ്സിയും തങ്ങളുടെ അഞ്ചാമത്തെയും മിക്കവാറും അവസാനത്തെയും വേൾഡ് കപ്പിന് തയ്യാറെടുക്കുമ്പോൾ, എക്കാലത്തും ഉത്തരമില്ലാതെ തുടർന്ന ചോദ്യം വീണ്ടും ഉയരുകയാണ്. ആരാണ് കളിയിലെ കേമൻ?
കേരളത്തിലെ ഫ്ലെക്സ് ബോർഡുകളിൽ തുടങ്ങി, ആഫ്രിക്കൻ, യൂറോപ്യൻ, അമേരിക്കൻ വൻകരകളിൽ കൂടാതെ ഖത്തറിലെ സൂക്കുകളിലെ ബക്കാലകളിൽ വരെ ഇന്ന് ചൂടേറിയ ചർച്ചയുടെ വിഷയമാണ് ഇത്. കഴിഞ്ഞ നാല് ഫിഫ കപ്പുകളുടെ കണക്കെടുത്താൽ രണ്ടു പേരും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. മെസ്സി 19 കളികളിൽ നിന്ന് 6 ഗോളുകൾ നേടിയപ്പോൾ, ക്രിസ്ത്യാനോ 17 കളികളിൽ നിന്ന് 7 ഗോളുകൾ നേടിയിട്ടുണ്ട്.
എന്നാൽ ടീമെന്ന നിലയിൽ കഴിഞ്ഞ നാലു വേൾഡ് കപ്പിൽ അർജന്റീന രണ്ട് തവണ ക്വാർട്ടറും ഒരു തവണ ഫൈനൽസിലും കളിച്ചപ്പോൾ, റൊണാൾഡോ ടീമിൽ വന്ന ശേഷം ഒരു തവണ സെമി കളിച്ചു എന്നതൊഴിച്ചാൽ കാര്യമായ മുന്നേറ്റം പോർച്ചുഗലിന് നേടാൻ സാധിച്ചിട്ടില്ല. പക്ഷെ റൊണാൾഡോ കളിക്കുന്നതിനു മുൻപ് ലോക കപ്പ് ചരിത്രത്തിൽ 3 തവണ മാത്രമേ ടീം ക്വാളിഫൈ ചെയ്തിട്ടുള്ളൂ എന്നത് ഓർക്കേണ്ടതുണ്ട്.
കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി ക്ലബ് ഫുട്ബാളിൽ ഇവർ തമ്മിൽ മുഖത്തോടു മുഖം വരാൻ സാദ്ധ്യതകൾ ഇല്ലാതിരുന്നതു കൊണ്ട് രണ്ട് പേരുടെയും കളിക്കളത്തിലെ പ്രകടനങ്ങൾ താരതമ്യം ചെയ്യുക പ്രായാസമായിരിന്നു. അത് കൊണ്ട് തന്നെ അതിനു സാധ്യതയുള്ള ഖത്തർ വേൾഡ് കപ്പ് വേദി ഇവരുടെ ആരാധകർ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. ഒരു വശത്ത്, ഏത് ടീമാകും മരുഭൂമിയിൽ വച്ച് നടക്കുന്ന ആദ്യ വേൾഡ് കപ്പിൽ കപ്പുയർത്തി ആറാടുക എന്ന് ചർച്ച ചെയ്യുമ്പോൾ, മറു വശത്ത് ആടാരാകും എന്നാണു തർക്കം!
ടീമുകളുടെ ബലാബലം വച്ച് നോക്കുമ്പോൾ, അർജന്റീന എന്നും ഒരു പവർ ഹൗസ് ടീമായിരുന്നപ്പോൾ, പോർച്ചുഗൽ വേൾഡ് കപ്പിന് വന്നിരുന്നത് തന്നെ റൊണാൾഡോയുടെ ചുമലിലേറിയാണ്. അത് കൊണ്ട് തന്നെ മെസ്സിയെക്കാൾ എന്നും റൊണാൾഡോക്ക് കൂടുതൽ പരിശ്രമിക്കേണ്ടി വന്നിട്ടുണ്ട്. നല്ലൊരു ടീം ആയിട്ട് കൂടി, മെസ്സിയെ പോലൊരു കളിക്കാരൻ നയിച്ചിട്ടു കൂടി കപ്പുയർത്താൻ സാധിച്ചിട്ടില്ല എന്നത് അർജന്റീനക്ക് നാണക്കേട് തന്നെയാണ്. ഇത്തവണ ടീമുകളുടെ ലൈൻ അപ്പ് വച്ച് നോക്കുമ്പോൾ കൂടുതൽ ശക്തർ പോർച്ചുഗൽ ആണെന്ന് നിസ്സംശയം പറയാം. അർജന്റീന മെസ്സിയുടെ ബലത്തിലാണ് ഖത്തറിലേക്ക് വരുന്നത്. യുറോപിയൻ ലീഗിലെ അനുഭവ സമ്പത്തുമായി വരുന്ന പോർച്ചുഗൽ എന്ത് കൊണ്ടും ഒരു പടി മുന്നിലാണ് എന്നത് റൊണാൾഡോക്ക് അനുകൂല ഘടകമാണ്.
പക്ഷെ 2022 ഫിഫ കപ്പിനുള്ള ഗ്രൂപ്പുകൾ തിരിച്ചപ്പോൾ അർജന്റീന താരതമ്യേന എളുപ്പമുള്ള സി ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ പോർച്ചുഗൽ H ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിൽ കടക്കാൻ പരിശ്രമിക്കേണ്ടി വരും. ആദ്യ റൗണ്ടുകളിൽ ഇവരുടെ രണ്ട് പേരുടെയും ബൂട്ടുകൾ പല തവണ വല ചലിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ മിക്കവാറും അടുത്ത റൗണ്ടിലെ പ്രകടനം തീരുമാനിക്കും ആരാണ് ആട്, ആരാണ് കപ്പ് ഉയർത്തുക എന്ന്. മുൻപ് പറഞ്ഞ പോലെ കപ്പിൽ മുത്തമിടാൻ കിട്ടുന്ന അവസാന അവസരം എന്ന നിലക്ക് രണ്ട് പേരും ഇനിയൊരു കളിയില്ല എന്ന മട്ടിലാകും പന്ത് തട്ടുക. ഇവർ തമ്മിലുള്ള ഈ അനൗദ്യോഗിക മത്സരം ഖത്തർ വേൾഡ് കപ്പ് കാണികൾക്കു നല്ലൊരു വിരുന്നാകും എന്ന കാര്യത്തിൽ സംശയം വേണ്ട.
പപ്പുവേട്ടൻ പണ്ട് പറഞ്ഞത് പോലെ, ആട് ആരെന്നു നിങ്ങൾ എന്നോട് ചോദിച്ചാൽ ഞാൻ പറയും, കളിക്കളത്തിലെ കളി കാണിക്കും ആരാടാകുമെന്നു..!