മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി വീണ്ടും റൊണാൾഡോ അവതരിച്ച രാത്രി. അവസാന കുറച്ച് ദിവസങ്ങളായി റൊണാൾഡോയ്ക്ക് നേരെ ഉയർന്നിരുന്ന ട്രോളുകളും വാർത്തകളും ഒക്കെ ഉള്ള മറുപടി ആയി ഇന്നത്തെ റൊണാൾഡോയുടെ പ്രകടനം. ആഴ്സണലിനെ സ്വന്തം ഗ്രൗണ്ടിൽ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ 3-2 എന്ന സ്കോറിനാണ് അർട്ടേറ്റയുടെ ടീമിനെ തോൽപ്പിച്ചത്.
ഇന്ന് ഓൾഡ്ട്രാഫോർഡിൽ ആഴ്സണൽ ആണ് മികച്ച രീതിയിൽ തുടങ്ങിയത്. രണ്ടാം മിനുട്ടിൽ തന്നെ വൈറ്റിന്റെ ഒരു ഗോളെന്ന് ഉറച്ച ശ്രമം റാഷ്ഫോർഡാണ് ക്ലിയർ ചെയ്ത് യുണൈറ്റഡിനെ രക്ഷിച്ചത്. ആഴ്സണൽ മികച്ച രീതിയിൽ കളിച്ചു കൊണ്ടിരിക്കെ 14ആം മിനുട്ടിൽ അവർ ലീഡ് എടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് പോലും വിശ്വസിക്കാൻ പറ്റാത്ത രീതിയിലാണ് യുണൈറ്റഡ് ഗോൾ വഴങ്ങിയത്. ഒരു സെറ്റ് പീസ് ഡിഫൻഡ് ചെയ്യുന്നതിനിടയിൽ യുണൈറ്റഡ് മധ്യനിര താരം ഫ്രെഡ് യുണൈറ്റഡ് ഗോൾകീപ്പർ ഡി ഹിയയെ ചെറുതായി ചവിട്ടി. ഇത് ആഴ്സണൽ താരമാണെന്ന് കരുതി ഡി ഹിയ പന്ത് നോക്കാതെ പരിക്ക് അഭിനയിച്ച് നിലത്ത് കിടന്നു. ഈ അവസരം മുതലെടുത്ത് ആഴ്സണൽ താരം എമിലെ സ്മിത് റോ പന്ത് വലയിക് എത്തിച്ചു.
കുറച്ച് ചർച്ചകൾക്ക് ശേഷം വാർ അത് ഗോൾ തന്നെയാണെന്ന് വിധിച്ചു. ഈ ഗോളിൽ നിന്ന് കരകയറാൻ യുണൈറ്റഡ് കുറച്ച് സമയമെടുത്തു. ആദ്യ പകുതിയുടെ അവസാനം ബ്രൂണോ ആണ് യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തിയത്. രണ്ടു മാസങ്ങൾക്ക് ശേഷം ഒരു ബ്രൂണോ ഗോൾ എത്തിയതോടെ ആദ്യ ലകുതി യുണൈറ്റഡ് 1-1 എന്ന രീതിയിൽ അവസാനിപ്പിച്ചു. ഫ്രെഡായിരുന്നു ആ ഗോൾ ഒരുക്കിയത്.
രണ്ടാം പകുതി മികച്ച അറ്റാക്കുകളോടെയാണ് തുടങ്ങിയത്. ഒരു വശത്ത് ഡി ഹിയയുടെയും ഒരു വശത്ത് റാംസ്ഡെലിന്റെയു മികച്ച സേവുകൾ കാണാൻ ആയി. 52ആം മിനുട്ടിൽ റാഷ്ഫോർഡ് വലതു വിങ്ങിൽ നിന്ന് നൽകിയ പാസ് ലക്ഷ്യത്തിൽ എത്തിച്ച് റൊണാൾഡോ യുണൈറ്റഡിനെ 2-1ന് മുന്നിൽ എത്തിച്ചു. റൊണാൾഡോയുടെ കരിയറിലെ 800ആമത്തെ ഗോളായിരുന്നു ഇത്.
ഈ ലീഡ് 2 മിനുട്ട് മാത്രമെ നീണ്ടു നിന്നുള്ളൂ. മാർട്ടിനെല്ലിയുടെ ഒരു കട്ബാക്ക് പാസിൽ നിന്ന് ഒരു പെസ് ഗെയിമിൽ എന്ന പോലെ എളുപ്പത്തിൽ ആഴ്സണൽ സമനില ഗോൾ കണ്ടെത്തി. സ്കോർ 2-2.
69ആം മിനുട്ടിൽ ഒഡെഗാർഡ് ഫ്രെഡിനെ പെനാൾട്ടി ബോക്സിൽ വീഴ്ത്തിയതിന് വാർ പെനാൾട്ടി വിധിച്ചു. പെനാൾട്ടി എടുത്ത റൊണാൾഡോ ലക്ഷ്യം തെറ്റാതെ യുണൈറ്റഡിനെ വീണ്ടും മുന്നിൽ എത്തിച്ചു. സ്കോർ 3-2. ഈ ഗോൾ യുണൈറ്റഡ് വിജയവും ഉറപ്പിച്ചു. സ്റ്റേഡിയം മുഴുവൻ പിന്നെ വിവാ റൊണാൾഡോ ചാന്റ്സ് മാത്രം മുഴങ്ങി.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 21 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് മുന്നേറി. 23 പോയിന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്.