ഐ.സി.സിയുടെ 2019ലെ ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള അവാർഡ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് രോഹിത് ശർമ്മ പുറത്തെടുത്തത്. ഒരു ലോകകപ്പിൽ 5 സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും രോഹിത് ശർമ്മ സ്വന്തമാക്കിയിരുന്നു. 2019ൽ മൊത്തം 7 സെഞ്ചുറികളാണ് രോഹിത് ശർമ്മ നേടിയത്. ഇതാണ് രോഹിത് ശർമ്മയെ അവാർഡിന് അർഹനാക്കിയത്.
രോഹിത് ശർമ്മയെ കൂടാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി 2019ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡിനും അർഹനായി. ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യൻ കാണികൾ പന്ത് ചുരണ്ടൽ വിവാദത്തിൽ വിലക്ക് കഴിഞ്ഞെത്തിയ സ്റ്റീവ് സ്മിത്തിനെ കൂകി വിളിച്ചിരുന്നു. തുടർന്ന് കാണികളോട് കൂവുന്നത് നിർത്താനും കയ്യടിക്കാനും പറഞ്ഞിരുന്നു. ഇതാണ് വിരാട് കോഹ്‌ലിയെ അവാർഡിന് അർഹനാക്കിയത്. ബംഗ്ലാദേശിനെതിരെ 7 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറിന്റെ പ്രകടനത്തെ 2019ലെ ഏറ്റവും മികച്ച പ്രകടനമായും തിരഞ്ഞെടുത്തിട്ടുണ്ട്.
അതെ സമയം ഏറ്റവും മികച്ച താരത്തിനുള്ള സർ ഗർഫീൽഡ് സോബേഴ്‌സ് പുരസ്‌കാരം ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനാണ്. ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കളാക്കുന്നതിലും ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയക്കെതിരെ പുറത്തെടുത്ത വിരോചിത പ്രകടനവുമാണ് ബെൻ സ്റ്റോക്സിനെ അവാർഡിന് അർഹനാക്കിയത്. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് ആണ് 2019ലെ ഏറ്റവും മികച്ച ടെസ്റ്റ് താരം. 2019ൽ മാത്രം 59 വിക്കറ്റുകളാണ് കമ്മിൻസ് വീഴ്ത്തിയത്.