നാലാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടുകെട്ടുമായി ആദ്യ സെഷനില്‍ അവസാന ഓവറുകളില്‍ നേരിട്ട തിരിച്ചടിയ്ക്ക് ശേഷം ഇന്ത്യയെ മികച്ച നിലയിലേക്ക് നയിച്ച് രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും. രോഹിത് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ച് തന്റെ ഏഴാം ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ രഹാനെ മറുവശത്ത് നങ്കുരമിടുകയായിരുന്നു.
ഗില്ലിനെ നഷ്ടമായ ശേഷം രോഹിത്തും പുജാരയും 85 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയെങ്കിലും ഒരു റണ്‍സ് കൂടി നേടുന്നതിനിടെ പുജാരയെയും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. പിന്നീടാണ് രോഹിത്തിനൊപ്പം രഹാനെ എത്തി ഇന്ത്യയെ മുന്നോട്ട് നയിച്ചത്.
54 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ചായ സമയത്ത് ഇന്ത്യ 189/3 എന്ന നിലയിലാണ്. രോഹിത്ത് 132 റണ്‍സും രഹാനെ 36 റണ്‍സുമാണ് ഇപ്പോള്‍ നേടിയിട്ടുള്ളത്.