മിന്നും പ്രകടനവും ആയി മൂന്നാം റൗണ്ടിൽ ജയം കണ്ടു സിറ്റിപാസും റൂബ്ലേവും

Stefanostsitsipas

ഓസ്ട്രേലിയൻ ഓപ്പണിൽ തങ്ങളുടെ ദിനങ്ങൾ വരും എന്ന ശക്തമായ സൂചന നൽകി സിറ്റിപാസും, റൂബ്ലേവും. അഞ്ചാം സീഡ് ആയ ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് യുവ സ്വീഡിഷ് താരം മിഖായേൽ യെമറെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. മത്സരത്തിൽ എതിരാളിക്ക് ഒരവസരവും നൽകാതിരുന്ന സിറ്റിപാസ് ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും 7 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. 8 ഏസുകളും മത്സരത്തിൽ ഗ്രീക്ക് താരം ഉതിർത്തു. 6-4 നു ആദ്യ സെറ്റ് നേടിയ ശേഷം തീർത്തും അനായാസമായി ആണ് സിറ്റിപാസ് രണ്ടും മൂന്നും സെറ്റുകൾ 6-1, 6-1 എന്ന സ്കോറിന് ജയിച്ച് നാലാം റൗണ്ടിലേക്ക് മുന്നേറിയത്.

ടൂർണമെന്റിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റഷ്യൻ താരവും ഏഴാം സീഡും ആയ ആന്ദ്ര റൂബ്ലേവ് ജയം കണ്ടത്. സീസണിൽ എല്ലാ കളിയിലും ജയം കണ്ട റൂബ്ലേവ് പരിചയസമ്പന്നനായ 39 കാരൻ സ്പാനിഷ് താരം ഫെലിസാനോ ലോപ്പസിനെ ആണ് മൂന്നാം റൗണ്ടിൽ മറികടന്നത്. മത്സരത്തിൽ ലോപ്പസ് 11 ഏസുകളും റൂബ്ലേവ് 12 ഏസുകളും ഉതിർത്തു. 4 തവണ മത്സരത്തിൽ ബ്രൈക്ക് കണ്ടത്തിയ റൂബ്ലേവ് 7-5 നു ആദ്യ സെറ്റ് നേടിയ ശേഷം വലിയ വെല്ലുവിളി ഒന്നും നേരിട്ടില്ല. രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് 6-3 നും ആയിരുന്നു റൂബ്ലേവ് സ്വന്തമാക്കിയത്. നാലാം റൗണ്ടിൽ 24 സീഡ് കാസ്പർ റൂഡ് ആണ് റൂബ്ലേവിന്റെ എതിരാളി. നിലവിലെ ഫോമിൽ തങ്ങളെ തോല്പിക്കുക അത്ര എളുപ്പമല്ല എന്ന സൂചനയാണ് ഇരു യുവതാരങ്ങളും നിലവിൽ നൽകുന്നത്.

Previous articleബംഗ്ലാദേശിനെ മുന്നോട്ട് നയിച്ച് ലിറ്റണ്‍ ദാസും മെഹ്ദി ഹസനും, ഇരു താരങ്ങള്‍ക്കും അര്‍ദ്ധ ശതകം
Next articleഇന്ത്യയെ മികച്ച നിലയിലേക്ക് നയിച്ച് രോഹിത് – രഹാനെ കൂട്ടുകെട്ട്