റോഡ്രിഗസ് എവർട്ടണിലേക്ക് അടുക്കുന്നു

Newsroom

റയൽ മാഡ്രിഡ് അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഹാമെസ് റോഡ്രിഗസ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടണിലേക്ക് അടുക്കുന്നു എന്ന് സൂചന. താരവും ക്ലബുമായി ചർച്ചകൾ ആരംഭിച്ചു. റയൽ മാഡ്രിഡും താരത്തെ വിൽക്കാൻ തയ്യാറായിരിക്കുകയാണ്. എവർട്ടൺ പരിശീലകൻ ആഞ്ചലോട്ടിയുടെ ഇടപെടൽ ട്രാൻസ്ഫർ എളുപ്പത്തിൽ ആക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. പല ക്ലബുകളും ഹാമെസിനായി രംഗത്ത് വന്നിരുന്നു എങ്കിലും വലിയ തുക റയൽ ആവശ്യപ്പെടുന്നതിനാൽ ട്രാൻസ്ഫറുകൾ നടക്കാതെ പോവുകയായിരുന്നു.

9 മില്യൺ നൽകിയാൽ എവർട്ടണ് റോഡ്രിഗസിനെ സ്വന്തമാക്കാൻ കഴിഞ്ഞേക്കും. താരം തന്റെ ശമ്പളം കുറക്കാനും ഒരുക്കമാണ്. ഇനി ആകെ ഒരു വർഷത്തെ കരാർ മാത്രമെ റോഡ്രിഗസിന് റയൽ മാഡ്രിഡിൽ ഉള്ളൂ. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും റോഡ്രിഗസിനെ വിൽക്കാനാണ് റയൽ ശ്രമിക്കുന്നത്. ബെക്കാമിന്റെ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയും ലാലിഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡും റോഡ്രിഗസിനായി രംഗത്തുണ്ട്. അവസാന രണ്ടു സീസണുകളിലായി റയൽ വിട്ട് ബയേണിൽ ലോണടിസ്ഥാനത്തിൽ കളിച്ച റോഡ്രിഗസ് ഈ സീസണിൽ റയൽ ബെഞ്ചിൽ വെറുതെ ഇരിക്കുകയായിരുന്നു.