ബയേൺമ്യൂണിക്കിന്റെ വെറ്ററൻ താരം ഫ്രാങ്ക് റിബറിയെ സ്വന്തമാക്കാൻ ശ്രമിച്ച് ആസ്ട്രേലിയൻ ക്ലബ്ബ്. ആസ്ട്രേലിയൻ ക്ലബായ വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്‌സ് ആണ് ഫ്രഞ്ച് സൂപ്പർ താരത്തിനായി ശ്രമം തുടങ്ങിയത്. ഈ സീസണിന്റെ അവസാനം ഫ്രാങ്ക് റിബറിയും അർജെൻ റോബനും ക്ലബ്ബ് വിടുമെന്ന് ബയേൺ പ്രഖ്യാപിച്ചിരുന്നു. ബവേറിയയിലെ “റോബറി” യുഗത്തിനാണ് ഇതോടെ തിരശീല വീഴുന്നത്.
മുൻ ബയേൺ താരം മർക്കസ് ബാബേൽ ആണ് ആസ്ട്രേലിയൻ ടീമിന്റെ പരിശീലകൻ. മർക്കസ് ബാബേലാണ് റിബറിയെ കോണ്ടാക്ട് ചെയ്തതെന്ന് സിഡ്‌നിയിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. 33കാരനായ റിബറി 2007ൽ ആണ് ഫ്രഞ്ച് ക്ലബ് ആയ മാഴ്‌സലേയിൽ നിന്നും ബയേണിൽ എത്തിയത്. തുടർന്ന് 333 മത്സരങ്ങൾ ബയേണിന് വേണ്ടി ബൂട്ട് കെട്ടിയ റിബറി 108 ഗോളുകൾ നേടുകയും 164 ഗോളുകൾക്ക് വഴി ഒരുക്കുകയും ചെയ്തിട്ടുണ്ട്.
വിങ്ങർ റോളിൽ കളിക്കുന്ന റിബറി ബയേണിന്റെ കൂടെ 8 ബുണ്ടസ് ലീഗ, 6 ലീഗ് കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ്, ഒരു യുവേഫ സൂപ്പർ കപ്പ്, ഒരു ക്ലബ് ലോകക്പ്പ് എന്നിവ നേടിയിട്ടുണ്ട്. നേരത്തെ 2014ൽ റിബറി ഇന്റർനാഷ്ണൽ ഫുട്ബാളിൽ നിന്ന് വിരമിച്ചിരുന്നു.