നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾകീപ്പറായ മലയാളി താരം ടി പി രഹ്നേഷിന് എതിരെ എ ഐ എഫ് എഫിന്റെ നടപടി എത്തി. നോർത്ത് ഈസ്റ്റ് യുണൈറ്റഡും എ ടി കെ കൊൽക്കത്തയും തമ്മിൽ ഉള്ള മത്സരത്തിനിടെ എ ടി കെ താരം ഗേർസൺ വിയേരയുടെ മുഖത്ത് ഇടിച്ച സംഭവത്തിനാണ് രഹ്നേഷ് നടപടി നേരിടുക.
ഒരു കോർണർ പ്രതിരോധിക്കുന്നതിനിടെ മനപ്പൂർവ്വം രഹ്നേഷ് വിയേരയുടെ മുഖത്ത് പഞ്ച് ചെയ്തിരുന്നു. മത്സരത്തിനിടെ റഫറി ആ സംഭവം കാണാത്തതിനാൽ കളത്തിൽ കാർഡ് ഒന്നും രഹ്നേഷിന് ലഭിച്ചിരുന്നില്ല. പിന്നീട് കളി വിലയിരുത്തിയ എ ഐ എഫ് എഫ് രഹ്നേഷിനെതിരെ താല്കാലിക വിലക്ക് പ്രഖ്യാപിച്ചിരുന്നു. ചെന്നൈയിനെതിരായ നോർത്ത് ഈസ്റ്റിന്റെ ലൈനപ്പ് രഹ്നേഷ് ഇറങ്ങി ഇരുന്നില്ല.
കഴിഞ്ഞ മത്സരം കൂടാതെ രണ്ട് മത്സരങ്ങളിൽ കൂടി രഹ്നേഷ് വിലക്ക് നേരിടേണ്ടി വരും. ഒപ്പം രണ്ട് ലക്ഷം രൂപ പിഴയും താരത്തിന് വിധിച്ചിട്ടുണ്ട്.