തിരിച്ചടിച്ച് അവസാന നിമിഷം റയൽ മാഡ്രിഡ് തോൽവിയിൽ നിന്ന് രക്ഷപ്പെട്ടു

Newsroom

20220123 231220

ലാലിഗയിൽ ഇന്ന് എൽചെയെ നേരിട്ട റയൽ മാഡ്രിഡ് അവസാനം സമനിലയുമായി രക്ഷപ്പെട്ടു. 82 മിനുട്ട് വരെ 2 ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചു കൊണ്ടാണ് റയൽ മാഡ്രിഡ് സമനില കണ്ടെത്തിയത്. ഇന്ന് ആദ്യ പകുതിയുടെ അവസാനം 42ആം മിനുട്ടിൽ ലൂകാസ് ബോയെയിലൂടെ എൽചെ ലീഡ് കണ്ടെത്തി. രണ്ടാം പകുതിയിലും ബെർണബെയുവിൽ എൽചെ തന്നെ മികച്ചു നിന്നു. 76ആം മിനുട്ടിൽ പെരെ മില്ലയുടെ ഗോളിൽ എൽചെയുടെ രണ്ടാം ഗോൾ വന്നു‌.

ഈ ഗോളിന് ശേഷമാണ് റയൽ മാഡ്രിഡ് ഉണർന്നത്. അവർ 82ആം മിനുട്ടിൽ മിഡ്ഫീൽഡർ മോഡ്രിചിന്റെ സ്ട്രൈക്കിൽ കളിയിലേക്ക് തിരികെ വന്നു. പിന്നീട് ഇഞ്ച്വറി ടൈമിൽ 92ആം മിനുട്ടിൽ എദെർ മിലിറ്റാവോയിലൂടെ സമനില കണ്ടെത്തി. 22 മത്സരത്തിൽ 50 പോയിന്റുമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത് തന്നെ നിൽക്കുകയാണ്‌.