പ്രായം 22 മാത്രമെ ഉള്ളൂ എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ മാർക്കാ റാഷ്ഫോർഡ് ഇപ്പോൾ ഇംഗ്ലണ്ടിൽ വലിയ ഹീറോ ആണ്. കളത്തിലെ പ്രകടനങ്ങൾക്ക് അല്ല. കളത്തിന് പുറത്ത് റാഷ്ഫോർഡ് ചെയ്ത കാര്യങ്ങളാണ് താരത്തിന് കയ്യടി നേടിക്കൊടുക്കുന്നത്. ഇംഗ്ലണ്ടിലെ 1.3മില്യണോളം വരുന്ന സ്കൂൾ കുട്ടികൾക്ക് വേനൽ അവധിക്കാലത്ത് ഭക്ഷണം നൽകേണ്ട എന്ന് ഗവൺമെന്റ് തീരുമാനിച്ചിരുന്നു.
കുട്ടികൾക്ക് ഉള്ള ഭക്ഷണം നിർത്തുന്നത് ശരിയല്ല എന്നും ഇതിനെതിരായി രാജ്യം മുഴുവനും പ്രതികരിക്കണം എന്നും റാഷ്ഫോർഡ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. ഒരോ കുടുംബവും അവരുടെ പാർലമെന്റ് അംഗത്തെ മെൻഷൻ ചെയ്ത് കൊണ്ട് ഈ ആവശ്യം ആവർത്തിക്കണം എന്നും താരം പറഞ്ഞു. ഗവണ്മെന്റ് വലിയ കത്ത് തന്നെ റാഷ്ഫോർഡ് എഴുതി. താരത്തിന്റെ സന്ദേശം ഇംഗ്ലണ്ട് ഏറ്റെടുത്തു.
നാടു മുഴുവൻ മുന്നോട്ടു വന്നതോടെ ഗവണ്മെന്റ് തങ്ങളുടെ തീരുമാനം മാറ്റുകയും എല്ലാ കുട്ടികൾക്കും ഭക്ഷണം ഉറപ്പാക്കും എന്ന് വ്യക്തമാക്കുകയും ചെയ്തു. നേരത്തെ ലോക്ക്ഡൗൺ കാലത്ത് കുട്ടികൾക്ക് വേണ്ടി 20 മില്യണോളം ധനശേഖരണം നടത്താനും റാഷ്ഫോർഡിനായിരുന്നു.