മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് മാത്രമല്ല ഫുട്ബോളിന് പുറത്തുള്ളവർക്ക് വരെ പ്രിയങ്കരനാണ് മാർക്കാ റാഷ്ഫോർഡ് ഇപ്പോൾ. കളത്തിന് പുറത്ത് റാഷ്ഫോർഡ് അത്ര വലിയ കാര്യങ്ങളാണ് ഇംഗ്ലണ്ടിൽ ചെയ്യുന്നത്. അതിനിള്ള കയ്യടികൾ താരത്തിന് ലഭിക്കുന്നുമുണ്ട്. എന്നാൽ കളത്തിലും അതുപോലെ തന്നെ തിളങ്ങാൻ ആകുമെന്ന് റാഷ്ഫോർഡ് തെളിയിക്കുകയാണ്. ഇന്ന് ചാമ്പ്യൻസ് ലീഗിൽ റാഷ്ഫോർഡ് നേടിയ ഹാട്രിക്ക് അതിന് തെളിവാണ്.
ലെപ്സിഗിനെതിരെ സബ്ബായി എത്തി 27 മിനുട്ടുകൾ മാത്രം കളിച്ചാണ് റാഷ്ഫോർഡ് ഇന്ന് ഹാട്രിക്ക് നേടിയത്. മൂന്നും എണ്ണം പറഞ്ഞ ഫിനിഷുകൾ. റാഷ്ഫോർഡിന്റെ സീനിയർ കരിയറിലെ ആദ്യ ഹാട്രിക്കായിരുന്നു ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗിൽ 2014ൽ വാം പേഴ്സി നേടിയ ഹാട്രിക്കിനു ശേഷം ആദ്യമായിരു ഹാട്രിക്ക്. സബ്ബായി എത്തി ഒരു യുണൈറ്റഡ് താരം ഹാട്രിക്ക് നേടുന്നത് ഇത് രണ്ടാം തവണ മാത്രമാണ് എന്നതും റാഷ്ഫോർഡിന്റെ ഇന്നത്തെ ഹാട്രിക്കിന്റെ മാറ്റു കൂട്ടുന്നു. ഇതിനു മുമ്പ് സബ്ബായി എത്തി യുണൈറ്റഡിനായി ഹാട്രിക്ക് നേടിയത് ഇപ്പോൾ യുണൈറ്റഡിന്റെ പരിശീലകനായി ഇരിക്കുന്ന ഒലെ ഗണ്ണാർ സോൾഷ്യാർ ആയിരുന്നു. 1999ൽ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെ ആയിരുന്നു ആ ഹാട്രിക്ക്.
ഇന്നത്തെ ഹാട്രിക്കിൽ റാഷ്ഫോർഡിന്റെ വേഗത എന്ന മികവ് കാണിക്കുന്നതായിരുന്നു ആദ്യ ഗോൾ. രണ്ടാമത്തെ ഗോളിൽ റാഷ്ഫോർഡിന്റെ സ്കില്ലും മൂന്നാമത്തേതിൽ ഒരു സ്ട്രൈക്കറുടെ ബോധവും ഫുട്ബോൾ ആരാധകർക്ക് കാണാൻ ആയി. കഴിഞ്ഞ ആഴ്ച പി എസ് ജിക്ക് എതിരെ നേടിയ വിജയ ഗോളിന്റെ ഉടമയും റാഷ്ഫോർഡ് തന്നെ ആയിരുന്നു. ഒരു വശത്ത സർക്കാറിനെതിരെ പൊരുതി ഒരുപാട് കുട്ടികൾക്ക് അന്നം ഉറപ്പാക്കുമ്പോൾ മറുവശത്ത് ഫുട്ബോൾ കളത്തിൽ ഒരുപാട് ഡിഫൻഡർമാരെ തകർത്ത് ഇല്ലാതാക്കുകയുമാണ് റാഷ്ഫോർഡ് ചെയ്യുന്നത്. റാഷ്ഫോർഡ് ഇങ്ങനെ മനോഹരമായി തന്നെ കളത്തിലും കളത്തിന് പുറത്തും മുന്നോട്ട് പോകണം എന്നാണ് ലോകം ആഗ്രഹിക്കുന്നതും.