ആഴ്സണൽ അവരുടെ പീരങ്കികൾ മിനുക്കി വെടിപൊട്ടിച്ചു തുടങ്ങുകയാണ്. ആദ്യ ആഴ്ചകളിലെ വിമർശനങ്ങളിൽ നിന്ന് കരകയറിയ ആഴ്സണൽ ഇന്ന് കിംഗ്പവർ സ്റ്റേഡിയത്തിൽ ലെസ്റ്റർ സിറ്റിയെയും മറികടന്ന് കൊണ്ട് ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ്. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലെസ്റ്ററിനെതിരെയുള്ള ആഴ്സണലിന്റെ വിജയം. ആഴ്സണൽ തുടക്കത്തിൽ നല്ല ഫുട്ബോൾ കാഴ്ചവെച്ചു എങ്കിലും ഇന്നത്തെ താരം ആഴ്സണൽ ഗോൾകീപ്പർ റാംസ്ഡെൽ ആയിരുന്നു. ഏഴു സേവുകൾ ആണ് റാംസ്ഡെൽ ഇന്ന് നടത്തിയത്. ഇതിൽ ഈ സീസൺ കണ്ട ഏറ്റവും മികച്ച സേവും റാംസ്ഡെൽ ഇന്ന് പുറത്തെടുത്തു.
ഇന്ന് ആദ്യ 18 മിനുട്ടിൽ തന്നെ ആഴ്സണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 5ആം മിനുട്ടിൽ സാകയുടെ കോർണറിൽ നിന്ന് ഫ്രണ്ട് പോസ്റ്റിൽ നിന്ന് ഒരു ഗംഭീര ഹെഡറിലൂടെ ഗബ്രിയേൽ ആണ് ആഴ്സണലിന് ലീഡ് എടുത്തത്. പിന്നാലെ 18ആം മിനുട്ടിൽ യുവതാരം എമിലെ സ്മിത് റോ ആഴ്സണലിന്റെ ലീഡ് ഇരട്ടിയാക്കി. സ്മിത് റോയുടെ സീസണിലെ നാലാം ഗോളായിരുന്നു ഇത്. ഈ ഗോളുകൾക്ക് ശേഷം ലെസ്റ്റർ കളി മെച്ചപ്പെടുത്തി. പക്ഷെ അവർക്ക് എതിരെ റാംസ്ഡെൽ വൻ മതിലായി നിന്നു.
ആദ് ഇഹെനാചോയുടെ ഒരു ഇടം കാലൻ ഷോട്ട് ആയിരുന്നു റാംസ്ഡെൽ സേവ് ചെയ്തത്. ആദ്യ പകുതിയിൽ മാഡിസന്റെ ഒരു ഫ്രീകിക്ക് റാംസ്ഡെൽ സേവ് ചെയ്തത് കണ്ടവർ ആരും കയ്യടിച്ചു പോകും. ആ സേവിന്റെ റീബൗണ്ടിൽ എവാൻസിന്റെ ഷോട്ടും റാംസ്ഡെൽ സേവ് ചെയ്തു. രണ്ടാം പകുതിയിലും താരം നിരവധി സേവുകൾ നടത്തി. ഈ വിജയത്തോടെ ആഴ്സണൽ 17 പോയിന്റുമായി അഞ്ചാമത് എത്തി. 14 പോയിന്റുമായി ലെസ്റ്റർ പത്താം സ്ഥാനത്ത് നിൽക്കുന്നു.