ഇന്ത്യയെ 188 റണ്‍സിന് ഒതുക്കിയെങ്കിലും കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. രാജേശ്വരി ഗായ്ക്വാഡിന്റെ തീപാറും സ്പെല്ലിനെ അതിജീവിച്ച് ഇന്ന് അഞ്ച് വിക്കറ്റ് വിജയവും നാലാം ജയവും ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗ് പരാജയവും ഗായക്വാഡ് സൃഷ്ടിച്ച സമ്മര്‍ദ്ദം മറുവശത്ത് നിന്നും കൊണ്ടുവരുവാന്‍ സാധിക്കാതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
മത്സരത്തില്‍ 10 ഓവറില്‍ നിന്ന് വെറും 13 റണ്‍സ് വിട്ട് നല്‍കിയാണ് ഗായക്വാഡ് തന്റെ മൂന്ന് വിക്കറ്റ് നേടിയത്. ഈ തീപാറും സ്പെല്ലില്‍ 4 മെയ്ഡന്‍ ഓവറുകളും ഉള്‍പ്പെടുന്നു. ലോറ വോള്‍വാര്‍ഡട്, ലാറ ഗൂഡോള്‍ എന്നിവരുടെ വിക്കറ്റ് ആദ്യ സ്പെല്ലില്‍ നേടിയ താരം പിന്നീട് 57 റണ്‍സ് നേടിയ മിഗ്നണ്‍ ഡു പ്രീസിനെയും വീഴ്ത്തിയെങ്കിലും മറ്റു ബൗളര്‍മാരില്‍ നിന്ന് പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെ പോയി.