ആദ്യ ഇന്നിംഗ്സിലേത് പോലെ തന്നെ രണ്ടാം ഇന്നിംഗ്സിലും മികവ് തെളിയിച്ച് രജത് പടിഡാര്‍ മധ്യ പ്രദേശിനെ വിജയത്തിലേക്ക് നയിച്ചു. കേരളത്തിന്റെ 191 റണ്‍സ് വിജയ ലക്ഷ്യത്തെ 5 വിക്കറ്റുകളുടെ നഷ്ടത്തിലാണ് മധ്യ പ്രദേശ് മറികടന്നത്. ചുറ്റും വിക്കറ്റുകള്‍ വീണപ്പോളും രജത് പടിഡാര്‍ മുന്നില്‍ നിന്ന് നയിച്ചാണ് ടീമിനെ 5 വിക്കറ്റ് ജയത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ കേരളം ആദ്യ ഇന്നിംഗ്സില്‍ തകര്‍ന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി 190 റണ്‍സ് ലീഡ് സ്വന്തമാക്കിയെങ്കിലും പ്രതീക്ഷിച്ച പോലൊരു ബൗളിംഗ് പ്രകടനം ടീമിനു പുറത്തെടുക്കാനായത് ടീമിന്റെ ജയ സാധ്യതകളെ ഇല്ലാതാക്കി.
മത്സരത്തില്‍ ക്യാച്ചുകള്‍ കൈവിട്ടും കേരളം രജതിനെ സഹായിച്ചിരുന്നു. 47 റണ്‍സ് വിജയിക്കുവാനുള്ളപ്പോള്‍ സന്ദീപ് വാര്യറുടെ ഓവറില്‍ സഞ്ജു സാംസണ്‍ താരത്തിനെ കൈവിട്ടിരുന്നു. ഇതിനു മുമ്പ് സന്ദീപ് തന്നെ ഒരവസരം രജതിനു നല്‍കിയിരുന്നു. 77 റണ്‍സ് നേടിയ രജത് പടിഡാറിനു കൂട്ടായി ശുഭം ശര്‍മ്മ മികച്ച പിന്തുണ നല്‍കി. രജത് പുറത്തായ ശേഷം അരുണ്‍ കാര്‍ത്തിക്കും മത്സരത്തിന്റെ അവസാനത്തോടെ ഒരു ക്യാച്ച് കൈവിട്ടു.
വിജയ സമയത്ത് ശുഭം ശര്‍മ്മയും സാരന്‍ഷ് ജെയ്നുമായിരുന്നു ക്രീസില്‍. ശുഭം ശര്‍മ്മ 48 റണ്‍സും സാരന്‍ഷ് 11 റണ്‍സും നേടി പുറത്താകാതെ നിന്നു. കേരളത്തിനായി അക്ഷയ് ചന്ദ്രന്‍ രണ്ടും ജലജ് സക്സേന, അക്ഷയ് കെസി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മൂന്നാം വിക്കറ്റില്‍ 66 റണ്‍സും അഞ്ചാം വിക്കറ്റില്‍ 51 റണ്‍സുമെന്ന നിലയില്‍ രണ്ട് നിര്‍ണ്ണായക കൂട്ടുകെട്ടുകളില്‍ പങ്കാളിയായിരുന്നു രജത്. ആദ്യ ഇന്നിംഗ്സില്‍ താരം 73 റണ്‍സ് നേടുകയും ചെയ്തു.