അഞ്ചോവറായി ചുരുക്കിയ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഇന്നിംഗ്സിനു ശേഷം രാജസ്ഥാന്‍ 63 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങി മത്സരം നാലാം ഓവറിലേക്ക് കടന്നപ്പോള്‍ വീണ്ടും വില്ലനായി മഴ കടന്ന് വന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. 3.2 ഓവറില്‍ 41/1 എന്ന നിലയില്‍ രാജസ്ഥാന്‍ നില്‍ക്കവേയാണ് മഴ വീണ്ടുെമെത്തുന്ന്ത്. ഇതോടെ മത്സരം ഉപേക്ഷിക്കുകയും പോയിന്റുകള്‍ ടീമുകള്‍ പങ്കിട്ടെടുക്കുകയും ചെയ്തു. ഇതോടെ ബാംഗ്ലൂരിന്റെ നേരിയ പ്രതീക്ഷകള്‍ അവസാനിച്ചു. അതേ സമയം രാജസ്ഥാന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ മറ്റു മത്സരങ്ങളെ ആശ്രയിച്ചിരിക്കും.
ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറില്‍ ആദ്യ മൂന്ന് പന്തില്‍ തന്നെ ഒരു സിക്സും ഫോറും സഹിതം സഞ്ജു സാംസണ്‍ മിന്നല്‍ തുടക്കം ടീമിനു നല്‍കിയെങ്കിലും പിന്നീടുള്ള മൂന്ന് പന്തുകളില്‍ റണ്ണൊന്നും നേടാനാകാതെ പോയി. രണ്ടാം ഓവറില്‍ ലിയാം ലിവിംഗ്സ്റ്റണ്‍ നവ്ദീപ് സൈനിയെ ഒരു ഫോറും സിക്സും നേടി തുടങ്ങിയ ശേഷം വെറും രണ്ട് റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് നേടാനായത്. ഇതോടെ ലക്ഷ്യം 3 ഓവറില്‍ 41 റണ്‍സായി മാറി.
കുല്‍വന്ത് ഖെജ്രോലിയ എറിഞ്ഞ മൂന്നാം ഓവറിലും സിക്സോടു കൂടി സഞ്ജു സാംസണ്‍ തുടങ്ങിയെങ്കിലും പിന്നീട് ഓവറില്‍ നിന്ന് വലിയ ഷോട്ടുകള്‍ പിറക്കാതിരുന്നപ്പോള്‍ കാര്യങ്ങള്‍ രാജസ്ഥാന് ശ്രമകരമാകുമെന്ന ഘട്ടത്തിലേക്ക് കടന്നുവെങ്കിലും അവസാന രണ്ട് പന്തില്‍ നിന്ന് ഒരു സിക്സും ഫോറും സഹിതം സഞ്ജു സാംസണ്‍ ലക്ഷ്യം രണ്ടോവറില്‍ 23 റണ്‍സാക്കി മാറ്റി.
മത്സരത്തിലെ തന്നെ ഏറെ നിര്‍ണ്ണായകമായ 4ാം ഓവര്‍ കോഹ്‍ലി എറിയാന്‍ ഏല്പിച്ചത് യൂസുവേന്ദ്ര ചഹാലിനെയായിരുന്നു. ആദ്യ പന്തില്‍ നിന്ന് ബൈ രൂപത്തില്‍ ഒരു റണ്‍സ് രാജസ്ഥാന്‍ നേടിയപ്പോള്‍ സഞ്ജുവിനെ പുറത്താക്കി ചഹാല്‍ ബാംഗ്ലൂരിനു സാധ്യത വര്‍ദ്ധിപ്പിച്ചു. 13 പന്തില്‍ നിന്ന് 28 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്.
ഈ വിക്കറ്റ് വീണയുടനെ മഴയെത്തി കളി ഉപേക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയായിരുന്നു.