കളിമണ്ണ് മൈതാനത്തിലെ ഏക ദൈവം താൻ ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു റാഫേൽ നദാൽ. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എട്ടാം സീഡ് കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത നദാൽ തന്റെ പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടവും 22 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും ആണ് ഇന്ന് ഉയർത്തിയത്. നദാൽ അക്കാദമി താരം ആയ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ കളിക്കുന്ന കാസ്പർ റൂഡിന് അഞ്ചാം സീഡിന് ഒരു മികച്ച പോരാട്ടം പോലും നൽകാൻ ആയില്ല എന്നത് ആണ് വാസ്തവം. ഇടക്ക് തന്റെ പിഴവ് കൊണ്ടു നദാൽ നൽകിയ പോയിന്റുകൾ ഒഴിച്ചാൽ പലപ്പോഴും റൂഡിന് 36 കാരനായ നദാലിന് മുന്നിൽ പിടിച്ചു നിൽക്കാൻ പോലും ആയില്ല.
മത്സരത്തിൽ റൂഡിന്റെ ആദ്യ സർവീസ് തന്നെ നദാൽ ബ്രൈക്ക് ചെയ്തു. എന്നാൽ സർവീസിൽ ഡബിൾ ഫോൾട്ടുകൾ അടക്കം വരുത്തിയ നദാൽ ബ്രൈക്ക് റൂഡിന് തിരിച്ചു നൽകി. എന്നാൽ ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തിയ നദാൽ സെറ്റ് അനായാസം 6-3 നു സ്വന്തമാക്കി. രണ്ടാം സെറ്റിലും ഡബിൾ ഫോൾട്ട് വില്ലൻ ആയപ്പോൾ നദാൽ ആദ്യം ബ്രൈക്ക് വഴങ്ങി. എന്നാൽ തിരിച്ചടിച്ച നദാൽ റൂഡിനെ രണ്ടു തവണ ബ്രൈക്ക് ചെയ്തു. നദാലിന്റെ സർവീസിൽ മൂന്നു സെറ്റ് പോയിന്റുകൾ രക്ഷിക്കാൻ റൂഡിനു ആയെങ്കിലും ഒരിക്കൽ കൂടി ബ്രൈക്ക് നേടിയ നദാൽ സെറ്റ് 6-3 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. നദാലിന്റെ കിരീടാധാരണത്തിന് എത്തിയ കാണികൾക്ക് മുന്നിൽ റൂഡ് തീർത്തും അപ്രസക്തമായി. മൂന്നാം സെറ്റിൽ നദാൽ മാത്രം ആയിരുന്നു ഉള്ളത്. തുടർച്ചയായി റൂഡിനെ ബ്രൈക്ക് ചെയ്ത നദാൽ, നിരന്തരം ഫോർ ഹാന്റ് വിന്നറുകൾ കൊണ്ടു കളം പിടിച്ചു.
ഒടുവിൽ റൂഡിനെ ബ്രൈക്ക് ചെയ്തു 6-0 നു ബേഗൽ നേടിക്കൊണ്ടു നദാൽ തന്റെ കിരീടം ഉറപ്പിച്ചു. ഫ്രഞ്ച് ഓപ്പണിൽ നദാൽ നേടുന്ന 21 മത്തെയും ഫൈനലിൽ നേടുന്ന മൂന്നാമത്തെയും ബേഗൽ ആയിരുന്നു ഇത്. ഒരു മാച്ച് പോയിന്റ് രക്ഷിക്കാൻ ആയെങ്കിലും അനിവാര്യം ആയ പരാജയം ഡാനിഷ് താരം ഏറ്റുവാങ്ങുക ആയിരുന്നു. ജയത്തോടെ കണ്ണീർ അണിഞ്ഞ നദാൽ ഫ്രഞ്ച് ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും ആയി മാറി. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയ നദാൽ 7 തവണയാണ് റൂഡിനെ ബ്രൈക്ക് ചെയ്തത്. ഏതാണ്ട് രണ്ടര മണിക്കൂറിൽ താഴെയാണ് ഫൈനൽ നീണ്ടു നിന്നത്. 22 മത്തെ ഗ്രാന്റ് സ്‌ലാം നേട്ടത്തോടെ ഫെഡറർ, ജ്യോക്കോവിച്ച് എന്നിവരും ആയുള്ള അകലം 2 ഗ്രാന്റ് സ്‌ലാമുകൾ ആക്കിയും നദാൽ മാറ്റി. ആദ്യ പത്ത് റാങ്കിൽ ഉള്ളവരോട് നാലാം ജയം നേടിയാണ് ഇത്തവണ ഫ്രഞ്ച് ഓപ്പൺ നദാൽ നേടിയത് എന്നതും ശ്രദ്ധേയമാണ്. 14 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ ആണ് സാക്ഷാൽ പീറ്റ് സാമ്പ്രസിന് ഉള്ളത് എന്നറിയുമ്പോൾ ആണ് 14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ മാത്രം നദാലിന് ഉണ്ടത് എന്നത് അവിശ്വസനീയ നേട്ടം ആവുന്നത്. കരിയറിൽ ആദ്യമായാണ് നദാൽ ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ ഒരുമിച്ച് നേടുന്നത്.