ഐ എസ് എൽ സീസൺ തുടങ്ങി ഒരു മാസം ആകും മുമ്പ് തന്നെ പൂനെ സിറ്റി പരിശീലകന്റെ ജോലി പോയി. ഈ സീസണിൽ പൂനെയിൽ എത്തിയ മിഗ്വേൽ ഏഞ്ചൽ പോർച്ചുഗലിനെ ആണ് പൂനെ പുറത്താക്കിയിരിക്കുന്നത്. തീരുമാനം പൂനെ സിറ്റി പത്ര കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചു.
ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും പൂനെ സിറ്റിക്ക് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് കോച്ചിനെ പെട്ടെന്ന് തന്നെ മാറ്റാൻ ക്ലബ് തീരുമാനിച്ചതിന്റെ കാരണം. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ് സിയോട് സ്വന്തം ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പൂനെ പരാജയപ്പെട്ടിരുന്നു. ഈ സീസണിൽ പ്ലേ ഓഫ് ലക്ഷ്യം വെക്കുന്നത് കൊണ്ടാണ് ഇത്ര പെട്ടെന്ന് തന്നെ പൂനെ കോച്ചിനെ മാറ്റിയത്.
താൽക്കാലിക പരിശീലകനായി പ്രദ്ധ്യും റെഡ്ഡി ചുമതല ഏറ്റെടുക്കും. പുതിയ പരിശീലകനെ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ പൂനെ സിറ്റി പ്രഖ്യാപിക്കും. മികച്ച സ്ക്വാഡിനെ വെച്ചും മികച്ച പ്രകടനം നടത്താൻ മിഗ്വേലിന് ആകുന്നില്ല എന്നതാണ് പൂനെ മാനേജ്മെന്റിനെ ഈ നടപടിയിൽ എത്തിച്ചത്. കഴിഞ്ഞ സീസണിൽ ഡെൽഹി ഡൈനാമോസിന്റെ കോച്ച് ആയിരുന്നു മിഗ്വേൽ ഏഞ്ചൽ പോർച്ചുഗൽ.