അവസാന മൂന്ന് മത്സരങ്ങൾ മൂന്ന് സമനിലകളിൽ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെയിൽ എത്തുന്നത് മൂന്ന് പോയന്റും നേടി മടങ്ങാനാണ്. സീസണിൽ ആദ്യ മത്സരത്തിൽ ജയിച്ചത് ഒഴിച്ചാൽ സമനില മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഉള്ളൂ. അവസാന മത്സരത്തിൽ ജംഷദ്പൂരിനെതിരായ സമനില രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമായിരുന്നു എന്നതു കൊണ്ട് ജെയിംസിനും സംഘവും പ്രതീക്ഷയോടെ ആകും ഈ മത്സരത്തെ കാണുന്നത്.
പൂനെ സിറ്റി വളരെ മോശം ഫോമിലാണ് എന്നതും കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നു. താൽക്കാലിക കോച്ചിന്റെ കീഴിൽ ഇറങ്ങുന്ന പൂനെ സിറ്റി ഇതുവരെ ലീഗിൽ ഒരൊറ്റ മത്സരം വിജയിച്ചിട്ടില്ല. സ്വന്തം ഹോമിൽ ഒരു ഗോൾ വരെ നേടാനും ഇതുവരെ പൂനെ സിറ്റിക്ക് ആയിട്ടില്ല. മാർസെലോയും അൽഫാരോയും അടങ്ങുന്ന അറ്റാക്കിംഗ് നിര ഉള്ളപ്പോൾ ഏതു ഫോമില്ലായ്മയും മറികടക്കാൻ നിമിഷങ്ങൾ മതി എന്നുള്ളത് കൊണ്ട് പൂനെ സിറ്റിയെ വിലകുറച്ച് കാണാതിരിക്കുന്നത് ആകും ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുക.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ന് ഉണ്ടായേക്കും.ജംഷദ്പൂരിനെതിരെ സബ്ബായി ഇറങ്ങി രണ്ട് അസിസ്റ്റുമായി തിളങ്ങിയ സൈമിൻ ലെൻ ദുംഗൽ ഇന്ന് ആദ്യ ഇലവനിൽ എത്തും. സഹലും കളിയുടെ തുടക്കത്തിൽ തന്നെ മിഡ്ഫീൽഡിൽ ഉണ്ടാകും. കിസിറ്റോയും ബ
നർസാരിയുമാണ് വഴി മാറാൻ സാധ്യത. ഡിഫൻഡർ അനസ് എടത്തൊടിക ഇന്ന് ആദ്യ ഇലവനിൽ എത്തുമെന്ന് ഉറപ്പില്ല.
ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക