ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിലേക്ക് മുന്നേറി അമേരിക്കൻ യുവനിര. ഇംഗ്ലണ്ടിന് പിറകിൽ രണ്ടാം സ്ഥാനക്കാർ ആയി ആണ് അവർ മുന്നേറിയത്. ഫുട്‌ബോളിന് അപ്പുറം രാഷ്ട്രീയ ശത്രുക്കൾ കൂടിയായ ഇറാനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ അമേരിക്ക മറികടന്നത്. വെയിൽസ്, ഇംഗ്ലണ്ട് ടീമുകൾക്ക് എതിരെ സമനില വഴങ്ങിയ അമേരിക്കൻ ടീമിന്റെ ലോകകപ്പിലെ ആദ്യ ജയം ആണ് ഇത്. അതേസമയം മുന്നേറാൻ സമനില മാത്രം മതി ആയിരുന്ന ഇറാൻ അതിനു വേണ്ടി പതുക്കെയാണ് കളിച്ചത്. അത് ആണ് അവർക്ക് വിനയായത്.
മത്സരത്തിൽ 38 മത്തെ മിനിറ്റിൽ അമേരിക്കയുടെ വിജയഗോൾ പിറന്നു. മകെൻസിയുടെ മികച്ച ബോൾ ഹെഡറിലൂടെ ഡെസ്റ്റ് ക്രിസ്റ്റിയൻ പുലിസികിന് മറിച്ചു നൽകി. തന്റെ സുരക്ഷ വക വക്കാതെ പന്ത് വലയിൽ ആക്കിയ പുലിസിക് അമേരിക്കക്ക് മുൻതൂക്കം സമ്മാനിക്കുക ആയിരുന്നു.
താരത്തിന്റെ ധീരമായ നീക്കം ആണ് ആ ഗോൾ സമ്മാനിച്ചത്. ഗോൾ അടിച്ച ശേഷം ഇറാൻ ഗോൾ കീപ്പറും ആയി കൂട്ടിമുട്ടിയ ചെൽസി താരത്തിന് പരിക്കേറ്റതും കാണാൻ ആയി. തുടർന്ന് കളത്തിൽ ഇറങ്ങിയെങ്കിലും രണ്ടാം പകുതിയിൽ പുലിസികിനെ അമേരിക്കൻ പരിശീലകൻ പിൻവലിച്ചു. ഇടക്ക് ടിം വിയ ഗോൾ നേടിയെങ്കിലും റഫറി അത് ഓഫ് സൈഡ് വിളിച്ചു.
രണ്ടാം പകുതിയിൽ സമനില ഗോളിന് ആയി ഇറാൻ ശ്രമിച്ചു എങ്കിലും അമേരിക്കൻ ഗോൾ കീപ്പർ മാറ്റ് ടർണർക്ക് വലിയ പരീക്ഷണം ഒന്നും നേരിടേണ്ടി വന്നില്ല. മത്സരത്തിന്റെ അവസാന നിമിഷം പെനാൽട്ടിക്ക് ആയി ടരമിയും ഇറാൻ താരങ്ങളും വാദിച്ചു എങ്കിലും റഫറി അനുവദിച്ചില്ല.
ബി ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് 7 പോയിന്റുകൾ ഉള്ളപ്പോൾ അമേരിക്കക്ക് 5 പോയിന്റുകളും ഇറാന് 3 പോയിന്റുകളും ആണ് ഉള്ളത്. പ്രീ ക്വാർട്ടറിൽ ഹോളണ്ടിനെ ആണ് അമേരിക്ക നേരിടുക.