പി എസ് ജി ഈ സീസൺ അതി ഗംഭീരമായാണ് തുടങ്ങിയത്. ഒരു മത്സരത്തിൽ കൂടെ അവർ വലിയ സ്കോറിൽ ജയിച്ചിരിക്കുകയാണ്. ഇന്ന് ലില്ലയെ നേരിട്ട പി എസ് ജി ഏഴ് ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. എമ്പപ്പെ ഇന്ന് ഹാട്രിക്ക് നേടിയപ്പോൾ നെയ്മർ രണ്ട് ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കി.
മത്സരം ആരംഭിച്ച് 8 സെക്കൻഡുകളിൽ തന്നെ പി എസ് ജി ഇന്ന് ലീഡ് എടുത്തു. കിക്കോഫിൽ നിന്ന് രണ്ട് പാസുകൾക്ക് ശേഷം മെസ്സിയുടെ ഒരു ലോങ് ബോൾ എമ്പപ്പെയിൽ എത്തുകയും താരം അനായാസം ലക്ഷ്യം കാണുകയും ആയിരുന്നു. ഫ്രഞ്ച് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന ഗോളായി ഇത് മാറി.
ഈ ഗോളിന് ശേഷവും പി എസ് ജി അറ്റാക്ക് തുടർന്നു. 27ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് വന്ന മെൻഡസ് നൽകിയ പാസിൽ നിന്ന് മെസ്സി പി എസ് ജിയുടെ രണ്ടാം ഗോൾ നേടി. 39ആം മിനുട്ടിൽ ഹകീമിയിലൂടെയായിരുന്നു മൂന്നാം ഗോൾ.ഈ ഗോൾ ഒരുക്കിയത് നെയ്മർ ആയിരുന്നു.
ആദ്യ പകുതി അവസാനിക്കും മുമ്പ് നെയ്മറും വല കണ്ടെത്തിയതോടെ പാരീസ് ടീം നാലു ഗോളുകൾക്ക് മുന്നിൽ എത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ നെയ്മർ വീണ്ടും ഗോൾ കണ്ടെത്തി. 66ആം മിനുട്ടിൽ എമ്പപ്പെയും രണ്ടാം ഗോൾ നേടി. ഇത് നെയ്മറിന്റെ അസിസ്റ്റ് ആയിരുന്നു. വീണ്ടും ഈ കൂട്ടുകെട്ടിൽ എമ്പപ്പെയുടെ ഗോൾ വന്നു. ഇതോടെ ജയം പൂർത്തിയായി. ഇതിനിടയിൽ ബാംബ ലില്ലെക്കായും ഒരു ഗോൾ നേടിയിരുന്നു.
ലീഗിൽ മൂന്നിൽ മൂന്ന് മത്സരങ്ങളും ജയിച്ച പി എസ് ജി മൂന്ന് മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ അടിച്ചു കഴിഞ്ഞു.