പ്രീമിയർ ലീഗിൽ വലിയ മാറ്റം എന്ന നിലക്ക് ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ മുൻ കൈ എടുത്ത് മുന്നോട്ട് വച്ച വിവാദമായ പ്രോജക്ട് ബിഗ് പിക്ച്ചറിന് അംഗീകാരം ഇല്ലെന്നു പ്രഖ്യാപിച്ചു പ്രീമിയർ ലീഗ്. വലിയ വിവാദവും പ്രതിഷേധവും വിളിച്ചു വരുത്തിയ ഈ പ്രോജക്ട് അംഗീകരിക്കില്ല എന്നു പ്രീമിയർ ലീഗിലെ 20 ടീമുകൾ ആയുള്ള കൂടിക്കാഴ്ചയിലൂടെ തീരുമാനിക്കുക ആയിരുന്നു. ഈ കൂടിക്കാഴ്ചയിൽ 50 മില്യൻ പൗണ്ടിന്റെ ധനസഹായം ലീഗ് വണ്ണിനും ലീഗ് ടുവിനും നൽകാൻ തീരുമാനം ആയി. നേരത്തെ പ്രീമിയർ ലീഗിനെ അടിമുടി മാറ്റുക എന്ന ലക്ഷ്യവും ആയി പുറത്ത് വന്ന പ്രോജക്ട് ബിഗ് പിക്ച്ചറിന് എതിരെ വലിയ പ്രതിഷേധം ആണ് ഇംഗ്ലീഷ് ഫുട്‌ബോൾ ആരാധകർ ഉയർത്തിയത്.
പ്രീമിയർ ലീഗിനെ അടിമുടി മാറ്റുന്ന നിർദേശങ്ങൾ ആണ് പ്രോജക്ട് ബിഗ് പിക്ച്ചറിലൂടെ വലിയ ടീമുകൾ മുന്നോട്ടു വച്ചത്. അവ താഴെ പറയുന്ന വിധം ആണ്.
1. പ്രീമിയർ ലീഗ് 18 ടീമുകൾ ആയി കുറച്ച്, ചാമ്പ്യൻഷിപ്പ്, ലീഗ് വൺ, ലീഗ് ടു എന്നിവയിൽ 24 ടീമുകൾ നിലനിർത്തുക.
2. പ്രീമിയർ ലീഗിൽ അവസാനം എത്തുന്ന രണ്ടു ടീമുകൾ തരം താഴ്ത്തപ്പെടുമ്പോൾ 16 മത് എത്തുന്ന ടീമിന് ചാമ്പ്യൻഷിപ്പ് പ്ലെ ഓഫ് കളിക്കാൻ അവസരം ലഭിക്കുന്നു.
3. ലീഗ് കപ്പ്, കമ്യൂണിറ്റി ഷീൽഡ് തുടങ്ങിയ ടൂർണമെന്റുകൾ ഒഴിവാക്കുക.
4. ടിവിയിൽ നിന്നു ലഭിക്കുന്ന വരുമാനം എല്ലാ ക്ലബുകൾക്കും ആയി ഏതാണ്ട് തുല്യം ആയി വീതിച്ചു നൽകുന്നത് നിർത്തുക. കാണികളെ ആകർഷിക്കുന്ന വലിയ ക്ലബുകൾക്ക് അതിന്റെ വലിയ പങ്ക് നൽകുക.
5. 250 മില്യൻ പൗണ്ടിന്റെ ധനസഹായം ഇ. എഫ്.എല്ലിനു നൽകും ഒപ്പം 25 ശതമാനം ഭാവി ടിവി വരുമാനവും ഇ. എഫ്.എല്ലിനു ലഭ്യമാക്കും.
6. ഫുട്‌ബോൾ അസോസിയേഷന്റെ നഷ്ടത്തിന് 100 മില്യൻ പൗണ്ടും നൽകും.
7. വലിയ ആറു ക്ലബുകൾക്ക്(ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ടോട്ടൻഹാം ഹോട്ട്സ്പർസ് ചെൽസി, മാഞ്ചസ്റ്റർ സിറ്റി) ഒപ്പം ഏറ്റവും കൂടുതൽ കാലം പ്രീമിയർ ലീഗിൽ നില നിന്ന 3 ക്ലബുകൾക്ക്(എവർട്ടൺ, സൗത്താപ്റ്റൻ, വെസ്റ്റ് ഹാം യുണൈറ്റഡ്) പ്രത്യേക പദവി.
8. അതേസമയം പ്രീമിയർ ലീഗിലെ വലിയ മാറ്റങ്ങൾക്ക് വലിയ ക്ലബുകൾക്ക് മാത്രം വോട്ടവകാശം. എന്തു തീരുമാനവും വീറ്റോ ചെയ്യാനുള്ള അധികാരവും വലിയ ക്ലബുകൾക്ക് മാത്രം.
എന്നാൽ ഈ നിർദേശങ്ങളിൽ പലതും ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ഗുണത്തെക്കാൾ വലിയ ക്ലബുകളുടെ ഗുണം മാത്രം ലക്ഷ്യമാക്കിയത് ആണ് എന്ന വിമർശനം ആണ് പരക്കെ ഉയർന്നത്. നിർദേശങ്ങൾ അംഗീകരിക്കില്ല എന്നു വ്യക്തമാക്കിയ മറ്റ് ക്ലബുകൾ തീരുമാനത്തിന് എതിരെ രംഗത്ത് വന്നു. സാമ്പത്തിക സഹായം കാണിച്ച് ഫുട്‌ബോൾ അസോസിയേഷൻ, ഇ. എഫ്.എൽ എന്നിവയിൽ വലിയ ആധിപത്യം ഉറപ്പിക്കാനുള്ള വലിയ ടീമുകളുടെ ശ്രമം ആയിട്ട് ആണ് പലരും ഈ നിർദേശങ്ങളെ നോക്കി കാണുന്നത്. അതേസമയം സാമ്പത്തിക സഹായം ഇല്ലാതെ കാണികൾ ഇല്ലാതെ നിലനിൽപ്പ് സാധ്യമല്ല എന്ന അവസ്ഥയിൽ ആണ് ഒട്ടുമിക്ക ഇംഗ്ലീഷ് ക്ലബുകളും എന്നത് വസ്തുത ആണ്. അതിനാൽ തന്നെ തങ്ങളുടെ സഹായം ഇംഗ്ലീഷ് ഫുട്‌ബോളിൽ മാറ്റം കൊണ്ടു വരും എന്നാണ് പ്രോജക്ട് ബിഗ് പിക്ച്ചർ മുന്നോട്ട് വക്കുന്നതിലൂടെ വലിയ ക്ലബുകൾ പ്രതീക്ഷിച്ചത്.
ലീഗ് 2, ലീഗ് 1 ക്ലബുകളിൽ മിക്കതും ഒന്നിലധികം ചാമ്പ്യൻഷിപ്പ് ക്ലബുകളും നിലവിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത്. തങ്ങളുടെ പദ്ധതി പ്രകാരം ചെറിയ ക്ലബുകൾക്ക് സാമ്പത്തിക സഹായം ലഭിക്കും എന്ന വാദം ആണ് വലിയ ക്ലബുകൾക്ക് ഉള്ളത്. എന്നാൽ ഈ അംഗീകരിച്ചാൽ അത് പ്രീമിയർ ലീഗിന്റെ ഭംഗി തന്നെ ഇല്ലാതാക്കും എന്നാണ് വിമർശങ്ങൾ. അതേസമയം ഈ നിർദേശങ്ങൾക്ക് എതിരെ വലിയ 6 ക്ലബുകളുടെയും ആരാധകർ ഒരുമിച്ച് രംഗത്തു വന്നത് ശ്രദ്ധേയമായിരുന്നു. നിലവിലെ പദ്ധതി തങ്ങൾ അംഗീകരിക്കില്ല എന്നു വ്യക്തമാക്കിയ ആരാധകർ പ്രീമിയർ ലീഗിന്റെ അധികാരം ആറു വലിയ കോടീശ്വരൻമാരിൽ ഒതുങ്ങുന്നതിനെ ഭയക്കുന്നത് ആയും വ്യക്തമാക്കി. പദ്ധതിയിൽ ചില കാര്യങ്ങൾക്ക് പ്രാധാന്യം ഉണ്ടെങ്കിലും ഈ നിലക്ക് ഇത് അംഗീകരിക്കാൻ തങ്ങൾക്ക് ആവില്ലെന്നും അവർ വ്യക്തമാക്കി. ആരാധകർ ആണ് ഫുട്‌ബോളിന്റെ എല്ലാം എന്നു വ്യക്തമാക്കിയ അവർ തങ്ങളുടെ ശബ്ദം അധികൃതർ കേൾക്കും എന്നും പ്രത്യാശിച്ചു. അതേസമയം കോവിഡ് പ്രതിസന്ധിയിൽ നിന്നു കരകയറാൻ ക്ലബുകളെ സർക്കാർ അടക്കം സഹായിക്കണം എന്ന ആവശ്യവും അവർ മുന്നോട്ട് വച്ചു. പ്രോജക്ട് ബിഗ് പിക്ച്ചറിനു പ്രീമിയർ ലീഗ് നിലവിൽ അനുമതി നൽകാത്തതിനാൽ വലിയ ക്ലബുകൾ തീരുമാനം അംഗീകരിച്ചു മുന്നോട്ട് പോവുമോ ഭാവിയിൽ ഇത് വീണ്ടും ആവശ്യം ആയി ഉന്നയിക്കുമോ എന്നു കണ്ടു തന്നെ അറിയാം.