ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പര പുനരാരംഭിക്കുന്നത് തീരുമാനിക്കേണ്ടത് ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനും ആണെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ഇന്ത്യ – പാകിസ്ഥാൻ പരമ്പര പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് സൗരവ് ഗാംഗുലിയുടെ പ്രതികരണം.
ഇന്റർനാഷണൽ ടൂറുകൾ എല്ലാം ഗവണ്മെന്റിന്റെ അനുമതി വേണമെന്നും അത് കൊണ്ട് തന്നെ ബി.സി.സി.ഐക്ക് ഈ കാര്യത്തിൽ നിലപാട് എടുക്കാൻ പറ്റില്ലെന്നും ഗാംഗുലി പറഞ്ഞു. അത് കൊണ്ട് തന്നെ പാകിസ്ഥാനെതിരെയുള്ള പരമ്പരക്കും ഇന്ത്യൻ ഗവണ്മെന്റിന്റെ അനുമതി ആദ്യം ലഭിക്കണമെന്നും ഗാംഗുലി പറഞ്ഞു.
2012ലാണ് ഇന്ത്യയും – പാകിസ്ഥാനും തമ്മിൽ അവസാനം പരമ്പര കളിച്ചത്. ആൻ രണ്ട് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പാകിസ്ഥാൻ ഇന്ത്യയിൽ കളിച്ചത്. തീവ്രവാദത്തെ പാകിസ്ഥാൻ പ്രോത്‌സാഹിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ത്യ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിച്ചത്. നേരിട്ടുള്ള പരമ്പരകളിൽ ഇരു ടീമുകളും പങ്കെടുക്കുന്നില്ലെങ്കിലും ഐ.സി.സി നടത്തുന്ന ടൂർണമെന്റുകളിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാറുണ്ട്.