ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസൺ നാളെ തുടക്കമാകും. നാളെ ഇന്ത്യൻ സമയം അർധരാത്രി സെലുസ്പാർക്കിൽ ക്രിസ്റ്റൽ പാലസും ആഴ്സണലും തമ്മിൽ നടക്കുന്ന മത്സരത്തൊടെയാകും ലീഗിന് തുടക്കമാവുക. ലോകകപ്പ് ഇടക്ക് വരുന്നത് കൊണ്ട് തന്നെ ലീഗ് ഇത്തവണ പ്രവചനാതീതം ആകും എന്നാണ് ഫുട്ബോൾ നിരീക്ഷകർ കരുതുന്നത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് കിരീട സാധ്യതയിൽ മുന്നിൽ.
ഹാളണ്ട് ടീമിലെത്തിയത് മാഞ്ചസ്റ്റർ സിറ്റിയുടെ കരുത്ത് കൂട്ടിയിട്ടുണ്ട്. സിറ്റിക്ക് തൊട്ടു പിറകിൽ കഴിഞ്ഞ സീസണിൽ ഫിനിഷ് ചെയ്ത ലിവർപൂളും ടീം ശക്തമാക്കിയിട്ടുണ്ട്. നൂനിയസിന്റെ വരവ് തന്നെ ആകും ഇതിൽ പ്രധാനം. മാനെ പോയത് ലിവർപൂളിനെ എങ്ങനെ ബാധിക്കും എന്ന് ഏവറ്റും ഉറ്റു നോക്കുന്നു.
ക്ലബ് ഉടമ മാറിയതും ഡിഫൻസിലെ പ്രധാന താരങ്ങൾ ക്ലബ് വിട്ടതും ചെൽസിയെ ചെറിയ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. കൗലിബലിയെ ഡിഫൻസിൽ എത്തിച്ച ചെൽസിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ട്രാൻസ്ഫർ വിൻഡോ അടക്കും മുമ്പ് ശരിയാക്കേണ്ടതുണ്ട്.
സ്പർസ് ആയിരിക്കും ഇത്തവണ ലീഗിലെ കറുത്ത കുതിരകൾ എന്നാണ് പ്രവചനം. കോണ്ടെ ഒരുപാട് താരങ്ങളെ ടീമിൽ എത്തിച്ച് കൊണ്ട് സ്പർസിനെ വലിയ ടീം തന്നെ ആക്കി മാറ്റിയിട്ടുണ്ട്. ബിസോമ, പെരിസിച് എന്നി സൈനിംഗുകൾ സ്പർസിന്റെ ആദ്യ ഇലവനിൽ തന്നെ എത്താൻ പോകുന്ന താരങ്ങളാകും. കോണ്ടെയുടെ ടീം കിരീട പോരാട്ടത്തിൽ എന്തായാലും ഉണ്ടാകും.
ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ശക്തമാക്കിയിട്ടുണ്ട് എങ്കിലും അവർക്ക് ഇനിയും താരങ്ങളെ എത്തിച്ചാൽ മാത്രമെ കിരീടം പോലുള്ള വലിയ കാര്യങ്ങൾ മോഹിക്കാൻ സാധിക്കുകയുള്ളൂ. ആഴ്സണൽ അർട്ടേറ്റയുടെ പ്രോഗസിൽ വിശ്വസിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകൻ ടെൻ ഹാഗ് വല്ല മാജിക്കും കാണിക്കും എന്ന വിശ്വാസത്തിലാണ്. റൊണാൾഡോയുടെ തീരുമാനം എന്താകും എന്നതിൽ വ്യക്തതയില്ലാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇപ്പോഴും പ്രതിസന്ധിയിൽ നിർത്തുകയാണ്.
ന്യൂകാസിൽ യുണൈറ്റഡ്, ആസ്റ്റൺ വില്ല, വെസ്റ്റ് ഹാം യുണൈറ്റഡ്, എവർട്ടൺ എന്നിവരും ഈ ട്രാൻസ്ഫർ വിൻഡോയിൽ ശക്തരായിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ ഏറ്റവും വാശിയേറിയ ലീഗിന്റെ പുതിയ സീസൺ ആരുടേതാകും എന്ന് ഇനി കണ്ടു തന്നെ അറിയണം.
Story Highlight: Premier League Season 2022/23 kick off