പ്രീമിയർ ലീഗിന്റെ ആദ്യ ദിവസം തന്നെ ഇങ്ങനെ ഒരു മത്സരം ആരും പ്രതീക്ഷിച്ചു കാണില്ല. ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്നാണ് ഇന്ന് ആൻഫീൽഡിൽ കണ്ടത്. ഒരു നിമിഷം പോലും ഊർജ്ജം കുറഞ്ഞു പോകാത്ത ഒരു മത്സരം. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും ചാമ്പ്യൻഷിപ്പ് കിരീടം നേടി പ്രീമിയർ ലീഗിലേക്ക് എത്തിയ ലീഡ്സും നേർക്കുനേർ വന്നപ്പോൾ ഒരു പ്രീമിയർ ലീഗ് ക്ലാസിക് തന്നെയാണ് കഴിഞ്ഞത്. സലായുടെ ഹാട്രിക്കിന്റെ മികവിൽ 4-3 എന്ന സ്കോറിനാണ് ലിവർപൂൾ ഇന്ന് വിജയിച്ചത്.
ലിവർപൂൾ ചാമ്പ്യന്മാരാണെന്ന് ഒന്നും ഓർത്ത് ഭയക്കാതെ കളിക്കുന്ന ബിയെൽസയുടെ ലീഡ്സിനെയാണ് ഇന്ന് ആൻഫീൽഡ് കണ്ടത്. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ലീഡ്സ് ഗോൾ വഴങ്ങി. മൊ സലായുടെ ഒരു ഷോട്ട് ഹാൻഡ് ബോൾ ആയപ്പോൾ ലഭിച്ച പെനാൾട്ടി ആയിരുന്നു ലിവർപൂളിന് ലീഡ് നൽകിയത്. സലാ തന്നെ പന്ത് വലയിൽ എത്തിച്ചു. ലീഡ്സ് പ്രീമിയർ ലീഗ് കളിക്കാൻ ആയില്ല എന്നൊക്കെ നാലാം മിനുട്ടിലെ ഗോൾ ചിലരെ ചിന്തിപ്പിച്ചു കാണും. എന്നാൽ പിന്നീട് കണ്ടത് അർജന്റീന തന്ത്രശാലി ബിയെൽസയുടെ മാജിക്ക് ആയിരുന്നു.
12ആം മിനുട്ടിൽ തന്നെ ലീഡ്സ് സമനില തിരിച്ചുപ്പിടിച്ചു. ഇടതു വിങ്ങിൽ അർനോൾഡിനെ വട്ടം കറക്കി കുതിച്ച് ജാക്ക് ഹാരിസൺ ആണ് ലീഡ്സിന്റെ സമനില ഗോൾ നേടിയത്. 20ആം മിനുട്ടിൽ ലിവർപൂൾ വീണ്ടും ലീഡ് എടുത്തു. റൊബേർട്സന്റെ കോർണറിൽ നിന്ന് ഒരു ബുള്ളറ്റ് ഹെഡറിലൂടെ വാൻ ഡൈക് ആണ് ലിവർപൂളിന്റെ രണ്ടാം ഗോൾ നേടിയത്.
ആ ഗോളിനും ലീഡ്സിന് മറുപടി ഉണ്ടായിരുന്നു. 30ആം മിനുട്ടിൽ ബാംഫോർഡിന്റെ വക ആയിരുന്നു ലീഡ്സിന്റെ രണ്ടാം സമനില ഗോൾ. വാൻ ഡൈകിന്റെ ഒരു പിഴവ് മുതലെടുത്തായിരുന്നു ആ ഗോൾ. ലിവർപൂൾ നിമിഷങ്ങൾക്ക് അകം അതിന് മറുപടി കൊടുത്തു. 33ആം മിനുട്ടിൽ സലായുടെ വക ആയിരുന്നു ലിവർപൂളിന്റെ മൂന്നാം ഗോൾ. സലായുടെ പവർഫുൾ ഷോട്ട് തേടാൻ പോലും ലീഡ്സിന്റെ കീപ്പർക്ക് ആയില്ല.
ഇത്തവണ ലിവർപൂളിന്റെ ലീഡ് കുറച്ച് സമയം നീണ്ടു നിന്നു. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ ക്ലിക്ക് വേണ്ടി വന്നു മൂന്നാം തവണ അലിസണെ പരാജപ്പെടുത്താൻ. ക്ലിക്കിന്റെ ഗോളോടെ മത്സരം 3-3 എന്നായി. പിന്നീട് ഇരുടീമുകളും വിജയ ഗോളിനായുള്ള പോരാട്ടമായിരുന്നു. 88ആം മിനുട്ടിൽ ആ വിജയ ഗോൾ ലിവർപൂളിന് ലഭിച്ചു. ഫബിനോയെ വീഴ്ത്തിയതിന് മത്സരത്തിലെ രണ്ടാം പെനാൾട്ടി. വീണ്ടും കിക്ക് എടുത്ത സലാ വീണ്ടും ലക്ഷ്യം കണ്ടു. സലാ തന്റെ ഹാട്രിക്കും ലിവർപൂളിന്റെ വിജയവും പൂർത്തിയാക്കി.