റിമംബര്‍ ദി നെയിം!!! വിജയം ആവര്‍ത്തിച്ച് പ്രണോയിയും ഇന്ത്യയും

Hsprannoy

തോമസ് കപ്പ് സെമി ഫൈനലില്‍ പൊരുതി നേടിയ വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് ഡെന്മാര്‍ക്കിനെതിരെ 3-2 എന്ന സ്കോറിനായിരുന്നു വിജയം. ഇന്നലെ മലേഷ്യയ്ക്കെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിലേതിന് സമാനമായി അവസാന സിംഗിള്‍സിൽ പ്രണോയ് ആയിരുന്നു ഇന്ത്യയ്ക്കായി സ്കോര്‍ 2-2ൽ ഉള്ളപ്പോള്‍ രംഗത്തിറങ്ങിയത്. എന്നാൽ താരത്തിന് ആദ്യ ഗെയിമിൽ കാലിടറി. അതിന് ശേഷം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി താരം ഇന്ത്യയെ ഫൈനലിലെത്തിച്ചു. തോമസ് കപ്പിന്റെ 73 വര്‍ഷത്തെ ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ഫൈനൽ കൂടിയാണ് ഇത്.

ലക്ഷ്യ സെന്‍ ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി ടീം ഡബിള്‍സ് മത്സരം വിജയിച്ച് സ്കോറുകള്‍ ഒപ്പമെത്തിച്ചു. ശ്രീകാന്ത് കിഡംബി തന്റെ മത്സരം വിജയിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയെങ്കിലും രണ്ടാം ഡബിള്‍സിൽ വിജയം നേടി ഡെന്മാര്‍ക്ക് സ്കോര്‍ ഒപ്പമെത്തിച്ചു.

നിര്‍ണ്ണായകമായ മത്സരത്തിൽ ആദ്യ ഗെയിമിൽ വളരെ പിന്നിൽ പോയ പ്രണോയ് മത്സരത്തിനിടെ വീഴുകയും പിന്നീട് മെഡിക്കൽ ടൈം ഔട്ടിനെ ആശ്രയിക്കേണ്ടിയും വന്നു. ആദ്യ ഗെയിമിൽ കാര്യമായ ചെറുത്ത്നില്പില്ലാതെ താരം 13-21ന് കീഴടങ്ങിയപ്പോള്‍ രണ്ടാം ഗെയിമിൽ പ്രണോയ് 11-1ന്റെ ലീഡ് നേടി. റാസ്മസ് ഗെംകേയുടെ പിഴവുകള്‍ കൂടി വന്നപ്പോള്‍ ഗെയിം പ്രണോയ് 21-9ന് രണ്ടാം ഗെയിം നേടി.

മൂന്നാം ഗെയിമിൽ തുടക്കത്തിലെ തന്നെ ലീഡ് നേടിയ പ്രണോയ് ബ്രേക്കിന്റെ സമയത്ത് 11-4ന് മുന്നിലായിരുന്നു. മൂന്നാം ഗെയിമിൽ തുടക്കത്തിലെ തന്നെ ലീഡ് നേടിയ പ്രണോയ് ബ്രേക്കിന്റെ സമയത്ത് 11-4ന് മുന്നിലായിരുന്നു. 16-9 ന് പ്രണോയ് മുന്നിൽ നിൽക്കുമ്പോള്‍ താരത്തിന്റെ കണങ്കാലിന് വീണ്ടും പരിക്കേൽക്കുകയായിരുന്നു. 21-12 എന്ന സ്കോറിനാണ് മൂന്നാം ഗെയിം പ്രണോയ് സ്വന്തമാക്കിയത്.