ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ഫോം മാഞ്ചസ്റ്റർ സിറ്റി തുടരുന്നു. ലീഗിലെ നാലാം സ്ഥാനക്കാരായിരുന്ന ബ്രൈറ്റണെ ഇന്ന് അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്കായിം ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. ആദ്യ പകുതിയിലെ ഗംഭീര പ്രകടനമാണ് സിറ്റിക്ക് വിജയം നൽകിയത്. പതിമൂന്നാം മിനുട്ടിൽ ഗുണ്ടോഗന്റെ ഗോളാണ് സിറ്റിക്ക് ലീഡ് നൽകിയത്. 28ആം മിനുട്ടിലും 31ആം മിനുട്ടിലും ഫോഡൻ ഗോളുകൾ നേടിയതോടെ മാഞ്ചസ്റ്റർ സിറ്റി ആദ്യ 31 മിനുട്ടിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിലായി.
ഇത്രയും ഗോളുകൾ വന്നതിനു ശേഷം മാത്രമാണ് ഗ്രഹാം പോട്ടറിന്റെ ടീമിന് അവരുടെ സ്ഥിരം താളം കണ്ടെത്താൻ ആയത്. രണ്ടാം പകുതിയിൽ ബ്രൈറ്റണ് സിറ്റിക്ക് വലിയ വെല്ലുവിളി ഉയർത്തി എങ്കിലും സിറ്റി ഡിഫൻസും എഡേഴ്സണും ബ്രൈറ്റണ് എതിരായി നിന്നു. കളിയുടെ 80ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് ബ്രൈറ്റൺ ഒരു ഗോൾ മടക്കിയത്. മാക് അലിസ്റ്റർ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ഇഞ്ച്വറി ടൈമിൽ മഹ്റസിന്റെ ഗോൾ ബ്രൈറ്റന്റെ പൊരുതൽ അവസാനിപ്പിച്ചു.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 20 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. ബ്രൈറ്റൺ ഇപ്പോഴും 15 പോയിന്റുമായി നാലാമത് നിൽക്കുകയാണ്.