മുൻ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പോളണ്ട് ദേശീയ ടീമിന്റെ പരിശീലകൻ ആകും. സാന്റോസ് പോളണ്ടുമായി 2026വരെയുള്ള കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പിൽ പോർച്ചുഗൽ സെമി ഫൈനൽ കാണാതെ പുറത്തായതോടെ ആയിരുന്നു ഫെർണാണ്ടോ സാന്റോസ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. സാന്റോസ് ഏഷ്യയിലേക്ക് വരാൻ ആണ് സാധ്യത എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.
സാന്റോസ് കഴിഞ്ഞ ലോകകപ്പിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് മാറ്റിയതിന് ഏറെ വിമർശനങ്ങൾക്ക് ഇരയായിരുന്നു. 2014ൽ ആയിരുന്നു സാന്റോസ് പോർച്ചുഗലിന്റെ ചുമതലയേറ്റത്. 2016ൽ യൂറോ കപ്പ് നേടിക്കൊണ്ട് പോർച്ചുഗലിന് ആദ്യ കിരീടം അദ്ദേഹം സമ്മാനിച്ചു. 2019ൽ നേഷൺസ് ലീഗ് കിരീടവും സാന്റോസിന് കീഴിൽ പോർച്ചുഗൽ നേടിയിരുന്നു.