യുവതാരം ബാരിയോസിന് അത്ലറ്റികോ മാഡ്രിഡിൽ പുതിയ കരാർ

20230123 202655

അത്ലറ്റികോ മാഡ്രിഡിന്റെ പുത്തൻ തരോദയം പാബ്ലോ ബാരിയോസ് ടീമുമായി പുതിയ കരാർ ഒപ്പിട്ടു. 2028വരെയുള്ള കരാറിൽ ആണ് സ്പാനിഷ് താരവുമായി ടീം എത്തിയിരിക്കുന്നത്. അത്ലറ്റികോ മാഡ്രിഡിന്റെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളായി കണക്കാക്കുന്ന താരമാണ് പാബ്ലോ ബാരിയോസ്. താരത്തിന്റെ നിലവിലെ കരാർ 2025ൽ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. നൂറു മില്യൺ യൂറോയുടെ റിലീസ് ക്ലോസും ബാരിയോസിന് മുകളിൽ അത്ലറ്റികോ ചേർത്തിട്ടുണ്ട്.

അത്ലറ്റികോ ബി ടീം താരമായിരുന്ന ബാരിയോസ് ഈ സീസണിലാണ് സീനിയർ ടീമിനോടൊപ്പം ചേർന്നത്. ഒക്ടോബറിൽ കാഡിസിനെതിരായ മത്സരത്തിലൂടെ അരങ്ങേറി. ലോകകപ്പ് ഇടവേളക്ക് ശേഷം സിമിയോണി താരത്തിന് കൂടുതൽ അവസരം നൽകുന്നുണ്ട്. ഈ മത്സരങ്ങളിൽ മികച്ച പ്രകടനം തന്നെ ആയിരുന്നു ബാരിയോസ് പുറത്തെടുത്തത്. ടീമിനായി ഇതുവരെ എട്ട് മത്സരങ്ങളിൽ കളത്തിൽ ഇറങ്ങി. രണ്ടു ഗോളുകളും നേടി. മധ്യനിരയിൽ വിവിധ സ്ഥാനങ്ങളിൽ ഒരു പോലെ തിളങ്ങാൻ കഴിയുമെന്നതാണ് താരത്തിന്റെ പ്രത്യേകത. ഇത്തവണ ബാഴ്‌സലോണക്കെതിരായ ലീഗ് മത്സരത്തിലും സിമിയോണി ബാരിയോസിന് അവസരം നൽകിയിരുന്നു.