ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഗംഭീര പ്രകടനങ്ങൾ തുടരുകയാണ്. ഇന്നലെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ലക്സംബർഗിനെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയിച്ചപ്പോൾ അതിൽ മൂന്നു ഗോളുകളും നേടിയത് റൊണാൾഡോ ആയിരുന്നു. റൊണാൾഡോയുടെ കരിയറിലെ 58ആം ഹാട്രിക്കും പോർച്ചുഗലിനായുള്ള പത്താം ഹാട്രിക്കുമായിരുന്നു ഇത്. തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 115 ആക്കി ഉയർത്താനും റൊണാൾഡോക്ക് ആയി.
ആദ്യ 17 മിനുട്ടിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്താൻ പോർച്ചുഗലിനായിരുന്നു. 8ആം മിനുട്ടിലും 13ആം മിനുട്ടിലും ലഭിച്ച പെനാൾട്ടികൾ എളുപ്പം വലയിൽ എത്തിച്ചു കൊണ്ട് റൊണാൾഡോ ആണ് ഗോൾവേട്ട തുടങ്ങിയത്. 17ആം മിനുട്ടിൽ റൊണാൾഡോയുടെ മാഞ്ചസ്റ്ററിലെ ടീം മേറ്റായ ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ പളിനോ ആണ് പോർച്ചുഗലിന്റെ നാലാം ഗോൾ നേടിയത്. ആ ഗോൾ സ്കോഎ ചെയ്ത് പളിനോ റൊണാൾഡോയുടെ സെലിബ്രേഷൻ അനുകരിക്കുന്നതും കാണാൻ ആയി.
87ആ മിനുട്ടിൽ ആയിരുന്നു ഏവരും കാത്തു നിന്ന റൊണാൾഡോയുടെ ഹാട്രിക്ക് ഗോൾ എത്തിയത്. ഈ വിജയം ആറ് മത്സരങ്ങളിൽ 16 പോയിന്റുമായി പോർച്ചുഗലിനെ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്ത് നിർത്തുകയാണ്.