കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഒരു സമനില മതിയായിരുന്നു കേരളത്തിന് ഗ്രൂപ്പ് ചാമ്പ്യന്മാർ ആകാൻ. പക്ഷെ പോണ്ടിച്ചേരിക്ക് എതിരെ കേരളം സമനിലക്ക് വേണ്ടി ശ്രമിച്ചില്ല. കേരളം ഇന്ന് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. ഒരു ഘട്ടത്തിൽ പോലും സമ്മർദ്ദത്തിൽ ആകാതെ ഏകപക്ഷീയമായി തന്നെയാണ് ബിനോ ജോർജ്ജിന്റെ കേരള ടീം ഇന്ന് വിജയിച്ചത്.
മത്സരത്തിന്റെ 21ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ. നിജോ ഗിൽബേർട്ട് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. താരത്തിന്റെ ഈ സന്തോഷ് ട്രോഫിയിലെ നാലാം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം മൂന്ന് മിനുട്ടിനകം കേരളം രണ്ടാം ഗോൾ നേടി. ക്യാപ്റ്റൻ അർജുൻ ജയരാജ് ആണ് പന്ത് വലയിലേക്ക് എത്തിച്ചത്.
ആൻസണിലൂടെ 39ആം മിനുട്ടിൽ ഒരു ഗോൾ മടക്കി പോണ്ടിച്ചേരി അവരുടെ പ്രതീക്ഷ കാത്തു.
രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ നൗഫൽ കേരളത്തിന് വീണ്ടും രണ്ട് ഗോളിന്റെ ലീഡ് നൽകി. പിന്നാലെ ബുജൈർ കൂടെ ഗോൾ നേടിയതോടെ കേരളം മൂന്ന് പോയിന്റ് ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ മത്സരങ്ങളിൽ കേരളം ലൽഷദ്വീപിനെയും ആൻഡമാനെയും തോൽപ്പിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നായി 18 ഗോളുകൾ ആണ് കേരളം നേടിയത്.