ആധുനിക കാലത്ത് ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തുന്ന ആദ്യ പോളണ്ട്കാരിയായി ഇഗ സ്വിയാറ്റക്. സീഡ് ചെയ്യാതെ ടൂർണമെന്റിൽ എത്തിയ ഇഗ ഒരൊറ്റ സെറ്റ് പോലും തോൽക്കാതെയാണ് അത്ഭുതപൂർവ്വമായ നേട്ടം കൈവരിച്ചത്. 2016 ൽ ഒസ്റ്റപെങ്കക്ക് ശേഷം സീഡ് ചെയ്യാതെ കിരീടം ഉയർത്തുന്ന താരം ആയി ഇഗ. വെറും 19 കാരിയായ ഇഗ 23 വർഷത്തിന് ഇടയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് ഓപ്പൺ ജേതാവ് കൂടിയാണ്. ഓസ്ട്രേലിയൻ ഓപ്പൺ ജേതാവ് ആയ നാലാം സീഡ് സോഫിയ കെനിനു എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇഗ ജയം കണ്ടത്.
മത്സരത്തിൽ 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും കെനിനെതിരെ ഒമ്പത് ബ്രൈക്ക് അവസരം തുറന്ന ഇഗ ആറു തവണയാണ് ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റിൽ പൊരുതി നോക്കിയ അമേരിക്കൻ താരത്തെ മറികടന്നു 6-4 നു സെറ്റ് കയ്യിലാക്കിയ ഇഗ രണ്ടാം സെറ്റിൽ കൂടുതൽ ആധിപത്യം പുലർത്തി. രണ്ടാം സെറ്റിൽ വെറും ഒരു ഗെയിം മാത്രം എതിരാളിക്ക് നൽകിയ ഇഗ സെറ്റ് 6-1 നു നേടി കിരീട സ്വപ്നം യാഥാർത്ഥ്യം ആക്കി. സീഡ് ചെയ്യാതെ ഒരു പ്രതീക്ഷയും ഇല്ലാതെ വന്നു കിരീടം ഉയർത്തിയ ഇഗ ടെന്നീസിലെ പുത്തൻ താരോദയം ആവുകയാണ്.