യുവന്റസിലെ പോൾ പോഗ്ബയുടെ തിരിച്ചുവരവിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. പോഗ്ബയുടെ പരിക്ക് സാരമുള്ളതാണ് എന്നും താരം രണ്ടു മാസത്തോളം പുറത്തിരിക്കും എന്നുമാണ് വിവരങ്ങൾ. മുട്ടിൽ മെനിസ്കസിലാണ് പോഗ്ബക്ക് പരിക്ക് എന്ന് ക്ലബ് ഇന്നലെ അറിയിച്ചിരുന്നു. താരത്തിന് ശസ്ത്രക്രിയ വേണ്ടി വരും എന്നാണ് ഇറ്റലിയിൽ നിന്നുള്ള വാർത്തകൾ.
ഇപ്പോൾ പോഗ്ബ ബാഴ്സലോണക്ക് എതിരായ അടുത്ത പ്രീസീസൺ മത്സരം കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. പ്രീസീസണിൽ ഇനി പോഗ്ബ കളിക്കില്ല. താരത്തിന് ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളും ഒപ്പം ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരവും പോഗ്ബക്ക് നഷ്ടമാകും.
രണ്ട് ദിവസം മുമ്പ് പരിശീലനത്തിന് ഇടയിൽ ആയിരുന്നു പോഗ്ബക്ക് പരിക്കേറ്റത്.ഈ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിലേക്ക് മടങ്ങി എത്തിയത്. കഴിഞ്ഞ സീസണിലും പോഗ്ബയെ പരിക്ക് അലട്ടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്നായി കഴിഞ്ഞ സീസണിൽ വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ പോഗ്ബ കളിച്ചിരുന്നുള്ളൂ.