പരാജയങ്ങൾ തുടർക്കഥയായി, പോചെറ്റിനോയെ പുറത്താക്കി ടോട്ടെൻഹാം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടെൻഹാം ഹോട്ട്സ്പർസ് പരിശീലകൻ മൗറിസിയോ പോചെറ്റീനോയെ പുറത്താക്കി. അഞ്ച് വർഷത്തോളം ടോട്ടെൻഹാമിനെ‌ പരിശീലിപ്പിച്ചതിന് ശേഷമാണ് പോചെറ്റീനോ പ്രീമിയർ ലീഗ് വിടുന്നത്. 47 കാരനായ അർജന്റീനിയൻ പരിശീലകനുമായുള്ള കരാർ അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ ക്ലബ്ബ് സ്ഥിതീകരിക്കുകയായിരുന്നു. 2014ൽ ലണ്ടൻ ക്ലബ്ബിന്റെ ചുമതലയേറ്റെടുത്ത പോചെറ്റീനോ ടോട്ടെൻഹാം ഹോട്ട്സ്പർസിനെ യൂറോപ്യൻ ഫുട്ബോളിൽ സ്ഥിര സാന്നിധ്യമാക്കി.

2016-17 സീസണിൽ സ്പർസിനെ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരാക്കാൻ പോചെറ്റീനോയ്ക്ക് സാധിച്ചു. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ സീസണിൽ സ്പർസിന് വേണ്ടി ചരിത്രം കുറിക്കാനും പോചെറ്റീനോയ്ക്കായി. കഴിഞ്ഞ സീസണിൽ ഫൈനലിസ്റ്റുകളായ സ്പർസ് ലിവർപൂളിനോട് പരാജയപ്പെട്ടാണ് ചാമ്പ്യൻസ് ലീഗ് നഷ്ടപ്പെടുത്തിയത്. ഈ സീസണിലെ മോശം പ്രകടനമാണ് പോചെറ്റിനോയുടെ സ്ഥാനം തെറുപ്പിച്ചത്. പരാജയം തുടർക്കഥയായപ്പോൾ സ്പർസിനും മാറ്റി ചിന്തിക്കേണ്ടി വന്നു. നിലവിൽ പ്രീമിയർ ലീഗിൽ 14 ആം സ്ഥാനത്താണ് സ്പർസ്. പ്രീമിയർ ലീഗിൽ കഴി‌ഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നു പോലും ജയിക്കാൻ സ്പർസിനായിരുന്നില്ല. ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞ് 171 ദിവസത്തിന് ശേഷമാണ് പോചെറ്റിനോ ലണ്ടനോട് വിടപറയുന്നത്. ചാമ്പ്യൻസ് ലീഗിന് പുറമേ ലീഗ് കപ്പ് ഫൈനലിലും സ്പർസിനെ എത്തിക്കാൻ പോചെറ്റീനോക്ക് സാധിച്ചെങ്കിലും സ്പർസിന്റെ ട്രോഫി ക്യാബിനറ്റ് ഇപ്പോളും കാലിയായി തന്നെയിരിക്കുന്നു. പോചെറ്റീനോക്ക് പകരക്കാരനായി പ്രീമിയർ ലീഗിൽ ആരെത്തുമെന്നാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.