പ്രീമിയർ ലീഗിൽ ഇന്ന് അവസാന ദിവസമാണ്. കിരീട പോരാട്ടങ്ങളെ വരെ ആവേശത്തിന്റെ കാര്യത്തിൽ പിറകിലാക്കുന്ന പോരാട്ടമാണ് ഇന്ന് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി നടക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലെസ്റ്റർ സിറ്റി, ഇവരിൽ ഒരു ടീമിന്റെയും അവരുടെ ആരാധകരുടെയും ഹൃദയം ഇന്ന് തകരുമെന്ന് ഉറപ്പ്. അത്രയ്ക്ക് ഉണ്ട് ഈ മൂന്ന് ടീമുകൾക്കും ഇന്ന് നഷ്ടപ്പെടാൻ.
പ്രീമിയർ ലീഗിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്തുമാകും എന്ന അവസ്ഥയിലാണ് ഉള്ളത്. ഫോട്ടോ ഫിനിഷിലേക്ക് തന്നെ പോവും എന്ന് പറയാം. ഇന്ന് രാത്രി കഴിയുന്നതോടെ ചെൽസി, ലെസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇവരിൽ രണ്ട് ടീമുകൾ അകത്തും ഒരു ടീം പുറത്തും ആകും. രണ്ട് മത്സരങ്ങൾ ആണ് ചാമ്പ്യൻസ് ലീഗ് യോഗ്യത ആർക്കെന്ന് വിധിക്കുക. ഇതിൽ ഒരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്ററും നേർക്കുനേർ വരുമ്പോൾ മറ്റൊന്നിൽ ചെൽസി വോൾവ്സിനെ നേരിടും.
63 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ആണ് യുണൈറ്റഡിനുള്ളത്. നാലാമതുള്ള ചെൽസിക്കും 63 പോയന്റ്. എന്നാൽ ചെൽസിയുടെ ഗോൾ ഡിഫറൻസ് വളരെ കുറവ് ആയതിനാൽ യുണൈറ്റഡ് മുന്നിൽ നിൽക്കുകയാണ്. 62 പോയന്റുമായി നിൽക്കുന്ന ലെസ്റ്റർ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇന്നത്തെ മത്സരത്തിൽ ഒരു സമനില ചാമ്പ്യൻസ് ലീഗ് യോഗ്യത നൽകും. ലെസ്റ്ററിന് യോഗ്യത ലഭിക്കണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തുകയോ അല്ലായെങ്കിൽ ചെൽസി പരാജയപ്പെടുകയും ലെസ്റ്റർ സമനില നേടുകയും ചെയ്യണം.
ചെൽസിക്ക് എതിരാളികളായുള്ള വോൾവ്സ് യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കാൻ എന്തായാലും വിജയിക്കേണ്ടതുണ്ട്. വോൾവ്സ് മികച്ച ഫോമിലുമാണ്. എന്നാൽ മത്സരം ചെൽസിയുടെ ഹോമിലാണ് എന്നത് കൊണ്ട് അവർക്ക് മുൻ തൂക്കം ഉണ്ട്. ചെൽസി പരാജയപ്പെടുകയും ലെസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനില ആവുകയും ചെയ്താൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് 64 പോയന്റുമായി മൂന്നാം സ്ഥാനത്തും ചെൽസിയേക്കാൾ മികച്ച ഗോൾ ഡിഫറൻസുള്ള ലെസ്റ്റർ സിറ്റി 63 പോയന്റുമായി നാലാം സ്ഥാനത്തും ഫിനിഷ് ചെയ്യും. ചെൽസി 63 പോയന്റുമായി തന്നെ യൂറോപ്പയിലേക്ക് കളിക്കാൻ പോകേണ്ടതായും വരും.
ലെസ്റ്റർ സിറ്റി വിജയിക്കുകയും ചെൽസി പരാജയപ്പെടാതിരിക്കുകയും ചെയ്താൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകും പുറത്താവുക. മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും പരാജയപ്പെടുക ആണെങ്കിൽ ചെൽസി ആകും ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് പുറത്താവുക. എന്തായാലും പ്രീമിയർ ലീഗിലെ അവസാന ദിവസം നാടകീയത നിറഞ്ഞതായിരിക്കും എന്ന് ഉറപ്പിക്കാം. ഇന്ന് രാത്രി 8.30നാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.