അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന പ്രീമിയർ ലീഗ് ക്ലാസിക്ക് പോരാട്ടത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തി ടോട്ടൻഹാം ഹോട്സ്പർ. പരാജയം അറിയാതെ 15 മത്സരങ്ങളുമായി സ്പെർസിനെ സ്വന്തം മൈതാനത്ത് നേരിട്ട ഗാർഡിയോളയുടെ സിറ്റിക്ക് അന്റോണിയോ കോന്റെയുടെ സ്പെർസ് നൽകിയത് അവിശ്വസനീയ ഷോക്ക് ആയിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ സിറ്റിയെ വീഴ്ത്തിയ ടോട്ടൻഹാം ഇത്തവണയും ആ ജയം ആവർത്തിച്ചു. തുടർച്ചയായ മൂന്നു പ്രീമിയർ ലീഗ് മത്സരങ്ങൾ തോറ്റു വന്ന ടോട്ടൻഹാം വലിയ നിലക്ക് പരാജയപ്പെടും എന്നു എല്ലാരും ഉറപ്പിച്ച മത്സരത്തിൽ ആണ് അവർ അത്ഭുതം കാണിച്ചത്. 72 ശതമാനം സമയം പന്ത് കൈവശം വച്ച സിറ്റിക്ക് എതിരെ പ്രത്യാക്രമണത്തിലൂടെ ആണ് സ്പെർസ് മറുപടി പറഞ്ഞത്. മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ സ്പെർസ് മുന്നിലെത്തി. സിറ്റി പ്രതിരോധം വെട്ടിച്ചു സോൺ നടത്തിയ നീക്കത്തിന് ഒടുവിൽ സോണിന്റെ പാസിൽ നിന്നു യുവന്റസിൽ നിന്നു ജനുവരിയിൽ ടീമിൽ എത്തിയ കുലുസെവ്സ്കി അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചു. സ്വീഡിഷ് താരത്തിന്റെ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.
തുടർന്ന് സമനിലക്ക് ആയുള്ള മാഞ്ചസ്റ്റർ സിറ്റി ശ്രമങ്ങൾ ആണ് കാണാൻ ആയത്. ഇടക്ക് ഗുണ്ടഗോന്റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. 33 മത്തെ മിനിറ്റിൽ ഷോട്ട് രക്ഷപ്പെടുത്തുന്നതിൽ സ്പെർസ് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിന് പിഴച്ചപ്പോൾ ഗുണ്ടഗോൻ സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചു. ഇതോടെ സിറ്റി കൂടുതൽ ആത്മവിശ്വാസം കൈവരിച്ചു കളിക്കാൻ തുടങ്ങി. രണ്ടാം പകുതിയിലും സിറ്റി ആധിപത്യം ആണ് കാണാൻ ആയത്. എന്നാൽ 59 മത്തെ മിനിറ്റിൽ സോണിന്റെ ക്രോസിൽ നിന്നു വലൻ കാലൻ അടിയിലൂടെ ഹാരി കെയിൻ സ്പെർസിനെ ഒരിക്കൽ കൂടി മുന്നിലെത്തിച്ചു. തുടർന്ന് സിറ്റി ശ്രമങ്ങളെ ടോട്ടൻഹാം നന്നായി പ്രതിരോധിക്കുന്നത് ആണ് കാണാൻ ആയത്. 73 മത്തെ മിനിറ്റിൽ ഹാരി കെയിൻ ടോട്ടൻഹാമിനു 3-1 നു മുൻതൂക്കം നൽകിയെങ്കിലും ഗോൾ വാർ ഓഫ് സൈഡ് വിധിച്ചതോടെ നിഷേധിക്കപ്പെട്ടു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ അവിശ്വസനീയം ആയ ഫുട്ബോൾ വിരുന്നു ആണ് ആരാധകർക്ക് സമ്മാനിച്ചത്. സമനില നേടാൻ സിറ്റിയും ജയം നിലനിർത്താൻ സ്പെർസും കളത്തിൽ സർവ്വം മറന്നു പൊരുതി.
7 മിനിറ്റ് ഇഞ്ച്വറി സമയം നൽകിയ മത്സരത്തിൽ 90 മത്തെ മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പെനാൽട്ടി അനുവദിക്കപ്പെട്ടു. പ്രതിരോധ താരം ക്രിസ്റ്റിയൻ റൊമേറോയുടെ ഹാന്റ് ബോളിന് വാർ നിർദേശ പ്രകാരം പരിശോധിച്ച ശേഷം റഫറി പെനാൽട്ടി വിധിക്കുക ആയിരുന്നു. ശക്തമായ പെനാൽട്ടിയിലൂടെ റിയാദ് മാഹ്രസ് സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചു. സിറ്റി വിജയത്തിന് ആയി പൊരുതും എന്നു കരുതിയ സമയത്ത് എന്നാൽ അവിശ്വസനീയ കാഴ്ചയാണ് പിന്നീട് കണ്ടത്. 95 മത്തെ മിനിറ്റിൽ ഒരു പ്രത്യാക്രമണം നടത്തിയ ടോട്ടൻഹാമിനു ആയി ബെന്റക്കർ നൽകിയ പന്തിൽ നിന്നു സിറ്റി പ്രതിരോധം ഭേദിച്ച കുലുസെവ്സ്കി അതിമനോഹരമായ ഒരു ക്രോസ് സിറ്റി ബോക്സിന് ഉള്ളിലേക്ക് നൽകി. ക്രോസിൽ സിറ്റി പ്രതിരോധ താരങ്ങളെ മറികടന്നു മികച്ച ഇരു ഹെഡറിലൂടെ ഹാരി കെയിൻ തന്റെ രണ്ടാം ഗോളും ടീമിന് ആയുള്ള മൂന്നാം ഗോളും കണ്ടത്തിയതോടെ ടോട്ടൻഹാം അവിശ്വസനീയ ജയം സ്വന്തം പേരിൽ കുറിച്ചു. തീർത്തും അപ്രതീക്ഷിതമായ ജയത്തിൽ ഭ്രാന്തമായി ആഘോഷിക്കുന്ന അന്റോണിയോ കോന്റെയെ കണ്ടപ്പോൾ ഗാർഡിയോള നിരാശയോടെ തല ചൊറിഞ്ഞു. ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന സ്പെർസിന് ഈ ജയം വലിയ നേട്ടം ആണ്. സിറ്റി പരാജയപ്പെട്ടതോടെ നിലവിൽ അവരും രണ്ടാമതുള്ള ലിവർപൂളും ആയുള്ള പോയിന്റ് വ്യത്യാസം 6 പോയിന്റുകൾ ആണ്. അതേസമയം ജയം ടോട്ടൻഹാമിനെ ഏഴാം സ്ഥാനത്ത് എത്തിച്ചു.