ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് ഏറ്റ പരാജയത്തിൽ നിന്നു കരകയറി ആഴ്‌സണൽ വിജയവഴിയിൽ തിരിച്ചെത്തി. വില്ല പാർക്കിൽ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ആഴ്‌സണൽ മറികടന്നത്. പരിക്ക് ഗോൾ കീപ്പർ ആരോൺ റാംസ്ഡേലിന് പകരം ബെർഡ് ലെനോയെയും ഗബ്രിയേൽ മാർട്ടിനെല്ലിക്ക് പകരം സ്മിത്ത് റോയിനേയും ആഴ്‌സണൽ കളത്തിൽ ഇറക്കി. ആദ്യ പകുതിയിൽ വില്ലക്ക് മേൽ സമ്പൂർണ ആധിപത്യം ആണ് ആഴ്‌സണൽ പുലർത്തിയത്. ഇടക്ക് സാക്കയുടെ ക്രോസിൽ നിന്നു കോൻസയുടെ ദേഹത്ത് തട്ടി എത്തിയ പന്ത് മാർട്ടിനസ് കഷ്ടിച്ച് ആണ് രക്ഷിച്ചത്. മുപ്പതാം മിനിറ്റിൽ ആഴ്‌സണൽ അർഹിച്ച ഗോൾ നേടി.
ബുദ്ധിപരമായി എടുത്ത ഫ്രീക്കിക്കിൽ നിന്നു ഉണ്ടാക്കിയ അവസരത്തിൽ ബോക്സിന് പുറത്ത് നിന്ന് ബുകയോ സാക്ക ആഴ്‌സണലിന് ആയി നിർണായക ഗോൾ നേടി. താരത്തിന്റെ സീസണിലെ പത്താം ഗോൾ ആയിരുന്നു ഇത്. ആദ്യ പകുതിയിൽ ആഴ്‌സണലിനെ ഒന്നു പരീക്ഷിക്കാൻ പോലും ജെറാർഡിന്റെ ടീമിന് ആയില്ല. രണ്ടാം പകുതിയിൽ വില്ല ഗോളിനായി പരിശ്രമിച്ചു എങ്കിലും ആഴ്‌സണൽ പ്രതിരോധം വഴങ്ങിയില്ല. ഇടക്ക് ലാകസെറ്റക്ക് ലഭിച്ച അവസരം താരത്തിന് ഗോൾ ആക്കി മാറ്റാൻ ആയില്ല. അതേസമയം വാക്ൻസിന്റെ ശ്രമം സ്മിത്ത് റോയുടെ കാലിൽ തട്ടി പോസ്റ്റിൽ തട്ടി മടങ്ങിയത് ആഴ്‌സണലിന് ആശ്വാസം ആയി. അവസാന നിമിഷം കൗട്ടീന്യോയുടെ ഫ്രീകിക്ക് രക്ഷിച്ച ലെനോ ആഴ്‌സണലിന് അനായാസ ജയം സമ്മാനിച്ചു. ജയത്തോടെ ഒരു മത്സരം കുറവ് കളിച്ച ആഴ്‌സണൽ അഞ്ചാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ 4 പോയിന്റുകൾ മുന്നിലെത്തി. ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന ആർട്ടെറ്റയുടെ ടീമിന്റെ മനക്കരുത്ത് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ പ്രകടമായത്. 2015 നു ശേഷം ഇത് ആദ്യമായാണ് ആഴ്‌സണൽ അഞ്ചു അവേ മത്സരങ്ങൾ ജയിക്കുന്നത്.