പ്രീമിയർ ലീഗിന്റെ മറ്റൊരു സീസണിന് ഇന്ന് ആഴ്‌സണൽ ക്രിസ്റ്റൽ പാലസ് മത്സരത്തിലൂടെ തുടക്കം കുറിക്കുമ്പോൾ ഇന്ത്യൻ ഫുട്‌ബോൾ പ്രേമികളെ നിരാശപ്പെടുത്തുന്ന വലിയ സംഗതി ഉറപ്പായും കളി പറയാൻ പീറ്റർ ഡ്രൂറി ഉണ്ടാവില്ല എന്നത് തന്നെയാവും. 1995 മുതൽ പ്രീമിയർ ലീഗിൽ മത്സരങ്ങൾക്ക് കമന്ററി പറയാൻ തുടങ്ങിയ പീറ്റർ ഡ്രൂറിയുടെ ശബ്ദത്തിനും കളി പറയുന്ന ശൈലിക്കും ലോകത്ത് ഒരുപാട് ആളുകൾ ആണ് ആരാധകർ ആയി മാറിയത്. കവിത പോലെ ഒഴുകുന്ന പീറ്റർ ഡ്രൂറിയുടെ കമന്ററി ഫുട്‌ബോൾ പോലെ തന്നെ മനോഹരമായ ഒന്നായിരുന്നു.
എന്നാൽ ഈ സീസൺ മുതൽ അമേരിക്കൻ ചാനൽ ആയ എൻ.ബി.സിയിൽ ആർലോ വൈറ്റിനു പകരക്കാരനായി പീറ്റർ ഡ്രൂറി ചേർന്നതോടെ ആഗോള തലത്തിൽ സംപ്രേഷണം ചെയ്യുന്ന പ്രീമിയർ ലീഗ് മത്സരങ്ങളുടെ കമന്ററി പറയാൻ പീറ്റർ ഡ്രൂറി ഉണ്ടാവില്ല. എൻ.ബി.സി യിൽ പ്രീമിയർ ലീഗ് കമന്ററി പറയാൻ പീറ്റർ ഡ്രൂറി ഉണ്ടാവും എങ്കിലും ആഗോള ആരാധകർക്ക് അദ്ദേഹത്തിന്റെ കമന്ററി കേൾക്കാൻ ആവില്ല.
സി.ബി.എസിന്റെ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങൾക്ക് കമന്ററി പറയാൻ പീറ്റർ ഡ്രൂറി ഉണ്ടാവും എങ്കിലും ഇന്ത്യൻ ആരാധകർക്ക് ഒപ്പം അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ പുറത്തുള്ള ആരാധകർക്ക് പീറ്റർ ഡ്രൂറിയുടെ ശബ്ദം വലിയ നഷ്ടം തന്നെയാവും. പീറ്റർ ഡ്രൂറിയുടെ അഭാവത്തിൽ ജിം ബെഗ്ലിൻ ആണ് ആഗോള തലത്തിൽ പ്രീമിയർ ലീഗ് കമന്ററിയെ നയിക്കുക.