ആസ്റ്റൻ വില്ലയെ ഒന്നിനെതിരെ 3 ഗോളുകൾക്ക് തകർത്തു വിജയ വഴിയിലേക്ക് തിരിച്ചെത്തി ആഴ്‌സണൽ. തുടർച്ചയായ മൂന്നു പ്രീമിയർ ലീഗ് പരാജയങ്ങൾ വില്ലക്ക് എതിരെ വഴങ്ങിയതിന്റെ പ്രതികാരം ആഴ്‌സണൽ തീർത്തപ്പോൾ ഡീൻ സ്മിത്തിന്റെ ടീം തീർത്തും നിശ്ശബ്ദം ആയി. തുടർച്ചയായ 2 സമനിലകൾക്ക് ശേഷം ആഴ്‌സണൽ ജയം കണ്ടപ്പോൾ വില്ലക്ക് ഇത് തുടർച്ചയായ മൂന്നാം പരാജയം ആണ്. ആദ്യപകുതി ആഴ്‌സണൽ ഭരിക്കുന്നത് ആണ് കാണാൻ ആയത്. 23 മിനിറ്റിൽ എമിൽ സ്മിത്ത് റോയുടെ കോർണറിൽ നിന്നു തോമസ് പാർട്ടിയാണ് ഹെഡറിലൂടെ ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചത്. മുൻ ആഴ്‌സണൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനെ പാർട്ടിയുടെ ഹെഡർ മറികടക്കുക ആയിരുന്നു. ക്ലബിനായി പാർട്ടിയുടെ ആദ്യ ഗോൾ ആയിരുന്നു. തുടർന്നും അവസരങ്ങൾ ഒരുപാട് സൃഷ്ടിച്ച ആഴ്‌സണൽ 29 മിനിറ്റിൽ രണ്ടാം ഗോൾ നേടിയത് എന്നു വിചാരിച്ചത് ആണ്. എന്നാൽ ടിയേർണിക്ക് പകരം ഇറങ്ങിയ നുനോ ടവാരസിന്റെ പാസിൽ നിന്നുള്ള സാക്കയുടെ വലൻ കാലൻ അടി പക്ഷെ മാർട്ടിനസ് രക്ഷിച്ചു. എന്നാൽ ആദ്യ പകുതിയുടെ അവസാന നിമിഷം ലാകസറ്റെയെ മാറ്റ് ടാർഗറ്റ് വീഴ്ത്തിയതിന് ആഴ്‌സണലിന് പെനാൽട്ടി ലഭിച്ചു. വാറിലൂടെ ആയിരുന്നു പെനാൽട്ടി അനുവദിക്കപ്പെട്ടത്.
പെനാൽട്ടി എടുത്ത ഒബമയാങിന്റെ ഷോട്ട് മാർട്ടിനസ് രക്ഷിച്ചു എങ്കിലും റീബൗണ്ട് വലയിലാക്കിയ ക്യാപ്റ്റൻ ഒബമയാങ് ആഴ്‌സണലിന് രണ്ടാം ഗോൾ സമ്മാനിച്ചു. മധ്യനിരയിൽ ഇറങ്ങിയ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സാമ്പി ലോക്കോങോയും ആദ്യ മത്സരത്തിനു ഇറങ്ങിയ ഇടത് ബാക്ക് ടവാരസും അടക്കം എല്ലാവരും നന്നായി കളിച്ച ആദ്യ പകുതിയിൽ ആഴ്‌സണൽ 14 ഷോട്ടുകൾ ആണ് ഉതിർത്തത്. വില്ലക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ ആയില്ല. രണ്ടാം പകുതിയിൽ ലിയോൺ ബെയ്‌ലിയെ ഇറക്കിയ വില്ല ആക്രമണം കടുപ്പമാക്കി. ഇടക്ക് അവസരങ്ങൾ തുറന്നെങ്കിലും വൈറ്റും ഗബ്രിയേലും അടങ്ങിയ ആഴ്‌സണൽ പ്രതിരോധം കുലുങ്ങിയില്ല. അതിനിടയിൽ 56 മിനിറ്റിൽ വില്ലയിൽ നിന്നു താൻ തന്നെ പിടിച്ചെടുത്ത പന്തിൽ നിന്നു തുടങ്ങിയ പ്രത്യാക്രമണം ലക്ഷ്യത്തിൽ എത്തിച്ച സ്മിത്ത് റോ ആഴ്‌സണൽ ജയം ഉറപ്പിച്ചു. ഒബമയാങിന്റെ പാസിൽ നിന്നു ആയിരുന്നു യുവ ഇംഗ്ലീഷ് താരത്തിന്റെ ഗോൾ പിറന്നത്. സ്മിത്ത് റോയിന്റെ ഷോട്ട് വില്ല പ്രതിരോധ താരം മിങ്‌സിന്റെ കാലിൽ തട്ടി വില്ല ഗോളിൽ പതിക്കുക ആയിരുന്നു. വീണ്ടും ഒരു അതുഗ്രൻ പ്രകടനം ആണ് സ്മിത്ത് റോ ഇന്ന് പുറത്ത് എടുത്തത്.
മൂന്നു ഗോൾ വഴങ്ങിയ ശേഷം വില്ല കൂടുതൽ ആക്രമണം നടത്തിയെങ്കിലും റാമ്ദ്സേൽ ആഴ്‌സണലിന്റെ രക്ഷകൻ ആയി. ഇടക്ക് ഒബമായാങിന്റെ ഷോട്ട് മാർട്ടിനസും രക്ഷിച്ചു. എന്നാൽ പരിക്കേറ്റു ലാകസറ്റെ പിൻവലിക്കപ്പെട്ടത് ആഴ്‌സണലിന് ആശങ്കയായി. 82 മിനിറ്റിൽ ബെയ്ലിയിൽ നിന്നു സ്വീകരിച്ച പന്ത് അതുഗ്രൻ ഷോട്ടിലൂടെ റാമ്ദ്സേലിനെ കാഴ്ചക്കാരനാക്കി പകരക്കാരൻ ആയി ഇറങ്ങിയ ജേക്കബ് റമ്സി ഗോൾ നേടിയത് വില്ലക്ക് ആശ്വാസം ആയി. തുടർന്ന് കൂടുതൽ അപകടം ഒഴിവാക്കി ആർട്ടറ്റെയുടെ ടീം വിജയ തീരം അണയുക ആയിരുന്നു. മത്സരത്തിൽ ഗോൾ വഴങ്ങിയത് ഒഴിച്ചാൽ മികച്ച പ്രകടനം ആണ് ആഴ്‌സണൽ നടത്തിയത്. മത്സരത്തിൽ ഉടനീളം മികച്ച ആക്രമണ ഫുട്‌ബോൾ കാഴ്ച വച്ച ആഴ്‌സണൽ 22 ഷോട്ടുകൾ ആണ് ഉതിർത്തത്. ഇനിയും ഇത് പോലുള്ള പ്രകടനം നിലനിർത്തുക എന്നത് തന്നെയാണ് ആഴ്‌സണലിന്റെ മുന്നിലുള്ള കടമ്പ. ജയത്തോടെ 9 കളികളിൽ നിന്നു 14 പോയിന്റുകളും ആയി ഒമ്പതാം സ്ഥാനത്തേക്ക് ഉയരാനും ആഴ്‌സണലിന് ആയി.