പ്രീമിയർ ലീഗിൽ ബേൺലിയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു മാഞ്ചസ്റ്റർ സിറ്റി. ഫിൽ ഫോഡൻ, റിയാദ് മാഹ്രസ് എന്നിവർ ഇരട്ടഗോളുകൾ നേടി തിളങ്ങിയ മത്സരത്തിൽ ഡേവിഡ് സിൽവയും സിറ്റിക്ക് ആയി ഗോൾ കണ്ടത്തി. ആദ്യ പകുതിയിൽ തന്നെ കളിയിൽ പ്രതീക്ഷിച്ച പോലെ സമ്പൂർണ ആധിപത്യം നേടി സിറ്റി. 22 മത്തെ മിനിറ്റിൽ ബെർണാഡോ സിൽവയുടെ പാസിൽ നിന്ന് ഫോഡൻ ആണ് സിറ്റിയുടെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. 43 മിനിറ്റിൽ ഫെർണാണ്ടീന്യോയുടെ പാസ് സ്വീകരിച്ചു മികച്ച ഗോൾ കണ്ടത്തിയ മാഹ്രസ് സിറ്റിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. തുടർന്ന് ആദ്യം അനുവദിച്ചില്ല എങ്കിലും വാറിലൂടെ അഗ്യൂറോയെ മീ വീഴ്‌ത്തിയതിനു രണ്ടാം പകുതി തീരുന്നതിനു മുമ്പ് സിറ്റിക്ക് ഒരു പെനാൽട്ടി ലഭിച്ചു.
ഇതിനെ തുടർന്ന് അഗ്യൂറോ പരിക്കേറ്റു പുറത്ത് പോവേണ്ടി വന്നെങ്കിലും പെനാൽട്ടി ലക്ഷ്യം കണ്ട മാഹ്രസ് സിറ്റിക്ക് ആദ്യ പകുതിയിൽ തന്നെ മൂന്നാം ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ ആദ്യ പകുതിയിൽ നിർത്തിയിടത്ത് തന്നെ തുടങ്ങിയ സിറ്റി 51 മിനിറ്റിൽ ഡേവിഡ് സിൽവയിലൂടെ വീണ്ടും വല കുലുക്കി. ബെർണാഡോ സിൽവയുടെ പാസിൽ നിന്നായിരുന്നു ഡേവിഡ് സിൽവയുടെ ഗോൾ. തുടർന്ന് 63 മിനിറ്റിൽ അഗ്യൂറോക്ക് പകരക്കാരൻ ആയിറങ്ങിയ ഗബ്രിയേൽ ജെസ്യൂസിന്റെ പാസിൽ നിന്ന് മത്സരത്തിലെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ഫോഡൻ സിറ്റി ജയം പൂർത്തിയാക്കി. ജയം സിറ്റിക്ക് മൂന്നാം സ്ഥാനത്ത് ഉള്ള ലെസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 9 ആയി ഉയർത്താൻ സഹായിച്ചു. അതേസമയം ലീഗിൽ 11 സ്ഥാനത്ത് ആണ് ബേൺലി.