ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റയൽ മാഡ്രിഡിനോട് ഏറ്റ ഞെട്ടിക്കുന്ന പരാജയത്തിന്റെ നിരാശ മറക്കുന്ന പ്രകടനവും ആയി മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ തകർത്ത സിറ്റി മൂന്നു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ രണ്ടാം സ്ഥാനക്കാരായ ലിവർപൂളും ആയുള്ള അകലം 3 പോയിന്റുകൾ ആയും ഉയർത്തി. 70 തിൽ ഏറെ ശതമാനം സമയവും മാഞ്ചസ്റ്റർ സിറ്റി പന്ത് കൈവശം വച്ച മത്സരത്തിൽ അവർക്ക് വലിയ ആധിപത്യം ആയിരുന്നു ഉണ്ടായിരുന്നത്. തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി അവസരങ്ങൾ തുറന്നു. 19 മത്തെ മിനിറ്റിൽ ഗുണ്ടോഗന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ കാൻസെലോ നൽകിയ പന്ത് ഹെഡ് ചെയ്തു ഗോൾ നേടിയ റഹീം സ്റ്റെർലിങ് സിറ്റിക്ക് ആദ്യ ഗോൾ സമ്മാനിച്ചു. 38 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ന്യൂകാസ്റ്റിൽ പ്രതിരോധത്തിലെ കൂട്ടപ്പൊരിച്ചിൽ മുതലെടുത്ത് അയമെറിക് ലാപോർട്ടെ സിറ്റിക്ക് രണ്ടാം ഗോളും സമ്മാനിച്ചു.
രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ സിറ്റി ഗോളുകൾ നേടുന്നത് തുടർന്നു. 61 മത്തെ മിനിറ്റിൽ ഡി ബ്രയിനയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ റോഡ്രിയാണ് സിറ്റിയുടെ മൂന്നാം ഗോൾ നേടിയത്. തുടർന്ന് ഇഞ്ച്വറി സമയത്ത് രണ്ടു ഗോളുകൾ കൂടി അടിച്ചാണ് സിറ്റി വലിയ ജയം പൂർത്തിയാക്കിയത്. സിൻചെങ്കോയുടെ പാസിൽ നിന്നു പകരക്കാനായി ഇറങ്ങിയ ഫിൽ ഫോഡൻ നാലാം സിറ്റി ഗോൾ നേടിയപ്പോൾ ഗ്രീലിഷും ഫോഡനും നടത്തിയ നീക്കത്തിന് ഒടുവിൽ ഗ്രീലിഷിന്റെ പാസിൽ നിന്നു ഗോൾ നേടിയ റഹീം സ്റ്റെർലിങ് ആണ് മാഞ്ചസ്റ്റർ സിറ്റി ജയം പൂർത്തിയാക്കിയത്. എത്തിഹാദ് സ്റ്റേഡിയത്തിൽ സെർജിയോ അഗ്യൂറോക്ക് ശേഷം 50 ഗോളുകൾ നേടുന്ന താരവും ആയി റഹീം സ്റ്റെർലിങ് ഇതോടെ മാറി. ജയം വലിയ രീതിയിൽ ആണ് പരിശീലകൻ പെപ് ഗാർഡിയോള ആഘോഷിച്ചത്. മൂന്നു മത്സരങ്ങൾ ബാക്കി നിൽക്കുമ്പോൾ ചാമ്പ്യൻസ് ലീഗ് നിരാശ മറന്നു ലിവർപൂളിനെ മറികടന്നു പ്രീമിയർ ലീഗ് നേടാൻ ആവും മാഞ്ചസ്റ്റർ സിറ്റി ശ്രമം.