പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെതിരെ എതിരില്ലാത്ത 2 ഗോളുകൾക്ക് ജയം കണ്ട് മാഞ്ചസ്റ്റർ സിറ്റി. നിലവിൽ ലീഗിൽ രണ്ടാം സ്ഥാനക്കാർ ആയ സിറ്റിക്ക് ആയി കളം നിറഞ്ഞു കളിച്ച ബെൽജിയം സൂപ്പർതാരം കെവിൻ ഡു ബ്രയിന്റെ മികവിൽ ആണ് സിറ്റി ജയം കണ്ടത്. കനത്ത കാറ്റ് മൂലം മുമ്പ് മാറ്റി വച്ച മത്സരത്തിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ഡേവിഡ് മോയസിന്റെ ടീമിന് എതിരെ വലിയ ദയ ഒന്നും സിറ്റി കാണിച്ചില്ല. ചാമ്പ്യൻസ് ലീഗ് വിലക്ക് ഒന്നും ബാധിക്കാത്ത വിധം ആയിരുന്നു സിറ്റി കളി തുടങ്ങിയത്. എന്നാൽ തുടക്കത്തിൽ ലഭിച്ച 2 മികച്ച അവസരങ്ങൾ ഗബ്രിയേൽ ജീസസ് പാഴാക്കിയപ്പോൾ സിറ്റിക്ക് അർഹിച്ച പെനാൽട്ടിയും ആദ്യ പകുതിയിൽ നിരസിക്കപ്പെട്ടു. നന്നായി പ്രതിരോധിച്ച വെസ്റ്റ് ഹാം സിറ്റിയെ ചെറുക്കാൻ സകലതും മറന്നു പൊരുതി.
എന്നാൽ ആദ്യ പകുതിയുടെ 30 മിനിറ്റിൽ ഡു ബ്രയിന്റെ കോർണറിൽ മികച്ച ഒരു ഹെഡറിലൂടെ റോഡ്രിഗോ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. സ്വന്തം മൈതാനത്ത് റോഡ്രിഗോയുടെ ആദ്യ ഗോൾ ആയിരുന്നു ഇത്. അതേസമയം തന്റെ 16 മത്തെ അസിസ്റ്റ് ആണ് ഡു ബ്രയിനെ നേടിയത്. ഇതോടെ ഒരു സീസണിൽ പ്രീമിയർ ലീഗിലെ ഏറ്റവും കൂടുതൽ അസിസ്റ്റ് എന്ന തിയറി ഒൻറിയുടെ റെക്കോർഡിലേക്കുള്ള ദൂരം വെറും 5 ആയും ഡു ബ്രയിന കുറച്ചു. രണ്ടാം പകുതിയിൽ 62 മിനിറ്റിൽ ബെർണാർഡോ സിൽവയുടെ പാസിൽ നിന്ന് മനോഹരമായ ഒരു ഷോട്ടിലൂടെ സിറ്റിയുടെ രണ്ടാം ഗോളും സീസണിലെ തന്റെ എട്ടാം ഗോളും കണ്ടത്തിയ ഡു ബ്രയിന മാഞ്ചസ്റ്റർ സിറ്റിയുടെ ജയം ഉറപ്പിച്ചു. ജയത്തോടെ സിറ്റി 54 പോയിന്റുകളും ആയി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം തോൽവി 18 മതുള്ള വെസ്റ്റ് ഹാമിന്റെ തരം താഴ്ത്തൽ ദുസ്വപ്നങ്ങൾക്ക് ആക്കം കൂട്ടി.