ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണിന് എതിരെ ടോട്ടൻഹാം ഹോട്സ്പറിന് 5-0 ന്റെ വമ്പൻ ജയം. ഹാരി കെയിൻ ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന എവർട്ടണിനെ ടോട്ടൻഹാം തകർത്തു വിടുക ആയിരുന്നു. ഇരട്ട ഗോളുകൾ നേടിയ കെയിൻ ഇതോടെ പ്രീമിയർ ലീഗിൽ 176 ഗോളുകൾ നേടി ആഴ്സണൽ ഇതിഹാസം സാക്ഷാൽ തിയറി ഒൻറിയുടെ ഗോൾ വേട്ടയിൽ ഉള്ള റെക്കോർഡ് മറികടന്നു. നിലവിൽ 5 താരങ്ങൾ മാത്രം ആണ് ഗോൾ വേട്ടയിൽ കെയിനിനു മുന്നിൽ ഉള്ളത്. മത്സരത്തിൽ ദയനീയമായ പ്രകടനം ആണ് ഫ്രാങ്ക് ലമ്പാർഡിന്റെ ടീം പുറത്ത് എടുത്തത്. മത്സരത്തിൽ 14 മിനിറ്റിൽ സെസനിയോന്റെ ക്രോസ് മൈക്കിൾ കീനിന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ സ്പെർസ് മുന്നിലെത്തി. തുടർന്ന് മികച്ച ഒരു ടീം നീക്കത്തിന് ഒടുവിൽ കുലുസെവ്സ്കിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ സോൺ കോന്റെയുടെ ടീമിന് രണ്ടാം ഗോളും നേടി.
ആദ്യ പകുതിക്ക് മുമ്പ് ഒരു ഇടത് കാലൻ അടിയിലൂടെ ഗോൾ നേടിയ കെയിൻ ഗോൾ വേട്ടയിൽ തിയറി ഒൻറിക്ക് ഒപ്പമെത്തി. മാറ്റ് ഡോഹർത്തിയുടെ പാസിൽ നിന്നാണ് ഇംഗ്ലീഷ് താരം മത്സരത്തിൽ തന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ കുലുസെവ്സ്കിയുടെ പാസിൽ നിന്നു ലക്ഷ്യം കണ്ട സെർജിയോ റെഗ്യുലിയോൻ എവർട്ടണിന്റെ വമ്പൻ പരാജയം ഉറപ്പിച്ചു. 55 മത്തെ മിനിറ്റിൽ മാറ്റ് ഡോഹർത്തിയുടെ തന്നെ പാസിൽ നിന്നു തന്റെ ചരിത്ര ഗോൾ കുറിച്ച ഹാരി കെയിൻ വലിയ പരാജയം എവർട്ടണിനു സമ്മാനിച്ചു. ഗോൾ വേട്ടയിൽ പ്രീമിയർ ലീഗിൽ എക്കാലത്തെയും ആറാമത്തെ ഗോൾ വേട്ടക്കാരൻ ആണ് കെയിൻ ഇപ്പോൾ. ജയത്തോടെ ടോട്ടൻഹാം ലീഗിൽ ഏഴാം സ്ഥാനത്ത് എത്തിയപ്പോൾ തരം താഴ്ത്തൽ ഭീഷണി വലിയ രീതിയിൽ നേരിടുന്ന എവർട്ടൺ പതിനേഴാം സ്ഥാനത്ത് ആണ്.