‘തുടങ്ങിയിട്ടേ ഉള്ളു, ആഴ്‌സണൽ ഒരു കാരണവശാലും വിൽക്കില്ല’ ~ ജോഷ് ക്രോയെങ്കെ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്‌സണൽ ഫുട്‌ബോൾ ക്ലബ് ഒരു കാരണവശാലും വിൽക്കില്ല എന്നു വീണ്ടും വ്യക്തമാക്കി ക്ലബ് ഉടമ സ്റ്റാൻ ക്രോയെങ്കെയുടെ മകനും ക്ലബ് സി.ഇ.ഒയും ആയ ജോഷ് ക്രോയെങ്കെ. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ആണ് സമീപകാലത്ത് ആഴ്‌സണൽ ആരാധകരിൽ നിന്നു വലിയ വിമർശനം നേരിടുന്ന ക്രോയെങ്കെ കുടുംബത്തിലെ യുവ തലമുറക്കാരൻ മനസ്സ് തുറന്നത്. ആഴ്‌സണലിനായി പലപ്പോഴും ഒരുപാട് പേര് രംഗത്ത് വരുന്നത് ക്ലബിന്റെ മികവും ലോകത്ത് അങ്ങോളമുള്ള സ്വീകാര്യതക്കും തെളിവ് ആണെന്ന് പറഞ്ഞ ജോഷ് പക്ഷെ ക്ലബ് ഒരു കാരണവശാലും വിൽക്കാൻ തങ്ങൾക്ക് താൽപ്പര്യം ഇല്ല എന്നും പറഞ്ഞു. 2018 ൽ മാത്രമാണ് തങ്ങളുടെ കെ.എസ്.ഇ ഗ്രൂപ്പിന് ക്ലബിന്റെ പൂർണ അധികാരം ലഭിച്ചത് എന്നു ഓർമ്മിപ്പിച്ച ജോഷ് തങ്ങൾ ആഴ്‌സണലിൽ തങ്ങളുടെ പണി തുടങ്ങിയിട്ട് മാത്രമേ ഉള്ളു എന്നും വ്യക്തമാക്കി. 41 കാരനായ തനിക്ക് ആഴ്‌സണലിൽ ഇത് തുടക്കം മാത്രമാണ് എന്നു ജോഷ് ആവർത്തിച്ചു.

നിലവിൽ മികച്ച യുവ നിരയും യുവ പരിശീലകനും ഉള്ള ആഴ്‌സണലിന് ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ ഉണ്ടെന്നു പറഞ്ഞ ജോഷ് അതിനായി ഉടമകൾ എന്ന നിലക്ക് തങ്ങൾ എന്ത് സഹായവും ചെയ്യും എന്ന് വ്യക്തമാക്കി. എഫ്.എ കപ്പുകൾക്ക് അപ്പുറം ലീഗ് അടക്കമുള്ള വലിയ ട്രോഫികൾ ആണ് ആഴ്‌സണലിന്റെ ലക്ഷ്യം എന്നു പറഞ്ഞ ജോഷ് അതിനുള്ള മുന്നൊരുക്കങ്ങൾ ക്ലബ് തുടങ്ങികഴിഞ്ഞത് ആയും അത് ശരിയായ വിധത്തിൽ ആണ് പോവുന്നത് എന്നും കൂട്ടിച്ചേർത്തു. ആഴ്‌സണൽ എഫ്.എ കപ്പ് കൊണ്ടു തൃപ്തിപ്പെടേണ്ട ക്ലബ് അല്ല എന്ന് പറഞ്ഞ ജോഷ് ഓരോ വർഷവും ലീഗ് കിരീടത്തിനായി മത്സരിക്കുക എന്നത് ആണ് ആഴ്‌സണലിന്റെ ലക്ഷ്യം എന്നും പറഞ്ഞു. 2018 നു മുമ്പ് ക്ലബിൽ പൂർണ അധികാരം ലഭിച്ചിരുന്നില്ല എന്നതിനാൽ ക്ലബിൽ പൂർണമായും പൈസ നിക്ഷേപിക്കാൻ തങ്ങൾക്ക് പരിമിതി ഉണ്ടായിരുന്നു എന്ന് പറഞ്ഞ ജോഷ് അതിനു ശേഷം തങ്ങൾ ക്ലബിൽ നിക്ഷേപങ്ങൾ നടത്തിയത് ചൂണ്ടിക്കാണിച്ചു. അതിന്റെ ഫലം ആയിരുന്നു കഴിഞ്ഞ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ പൈസ മുടക്കിയ ടീം ആയി ആഴ്‌സണൽ മാറിയത് എന്നും ജോഷ് പറഞ്ഞു.

ആഴ്‌സണൽ ആരാധകരെ തൃപ്തിപ്പെടുത്താൻ ആകുന്നത് എല്ലാം ചെയ്യുമെന്ന ഉറപ്പ് നൽകിയ ജോഷ് സൂപ്പർ ലീഗിൽ ക്ലബിന് തെറ്റ് പറ്റിയത് ഏറ്റു പറയുകയും ചെയ്തു. ആരാധകരുടെ വലിയ വിമർശനം ഏറ്റുവാങ്ങിയ സൂപ്പർ ലീഗിൽ ക്ലബ് പങ്കെടുക്കാൻ തീരുമാനിച്ചത് നല്ല ഉദ്ദേശത്തോടെ ആയിരുന്നു എങ്കിലും പിന്നീട് തെറ്റ് മനസ്സിലാക്കി അതിൽ നിന്ന് വേഗം പിന്മാറുകയും ആരാധകരോട് ക്ലബ് മാപ്പ് പറയുകയും ചെയ്‌തത കാര്യവും ജോഷ് ആവർത്തിച്ചു. അക്കാദമിയിൽ നിന്നുള്ള യുവ താരങ്ങൾ മുതൽ സീനിയർ താരങ്ങൾ വരെയുള്ള മികച്ച കൂട്ടം ആണ് ആഴ്‌സണൽ എന്നു പറഞ്ഞ ജോഷ് മുന്നോട്ട് ഇതിലും നന്നായി പുരോഗതി നേടുക ആണ് ക്ലബിന്റെ ഉദ്ദേശം എന്നും കൂട്ടിച്ചേർത്തു. കോവിഡ് കാരണം കൂടുതൽ ആഴ്‌സണൽ മത്സരങ്ങൾ കാണാൻ എത്താൻ സാധിക്കാത്തതിൽ ദുഃഖം രേഖപ്പെടുത്തിയ ജോഷ് വെങർ ഉണ്ടാക്കിയെടുത്ത ആഴ്‌സണലിനെ മുന്നോട്ട് കൊണ്ടു പോവുക ആണ് തങ്ങളുടെ ലക്ഷ്യം എന്നും പറഞ്ഞു. ആഴ്‌സണലിന്റെ സംസ്കാരം കാത്തു സൂക്ഷിക്കുക പ്രധാനമാണ് എന്നു പറഞ്ഞ ജോഷ് ഇപ്പോഴും ആരാധകർക്ക് തങ്ങളിൽ സംശയം ഉണ്ടാവും എന്ന കാര്യം സമ്മതിച്ചു. എന്നാൽ ഒന്നോ മൂന്നോ അഞ്ചോ വർഷങ്ങൾ എടുത്താലും എല്ലാ ആഴ്‌സണൽ ആരാധകർക്കും അഭിമാനിക്കുന്ന ക്ലബ് ആയി ആഴ്‌സണലിനെ വളർത്തിയെടുക്കുക എന്നത് ആണ് തങ്ങളുടെ ലക്ഷ്യം എന്നു പറഞ്ഞ ജോഷ് ആർട്ടെറ്റക്കും ടീമിനും പൂർണ പിന്തുണയും നൽകി.