വിജയ വഴിയിൽ തിരിച്ചു വരാനുള്ള ലെസ്റ്റർ സിറ്റി ശ്രമങ്ങൾക്ക് അവസാന നിമിഷം തിരിച്ചടി. പരിശീലകൻ ബ്രണ്ടൻ റോജേഴ്സിന്റെ കടുത്ത വിമർശനങ്ങൾക്ക് കളത്തിൽ മറുപടി പറയുന്ന വിധം ആണ് ലെസ്റ്റർ സിറ്റി താരങ്ങൾ ഇന്ന് കളിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും എഫ്.എ കപ്പിലെയും കടുത്ത പരാജയങ്ങൾക്ക് പുറമെ താരങ്ങൾക്ക് നേരെ കടുത്ത വിമർശനം ആയിരുന്നു പരിശീലകൻ നടത്തിയത്. ഇതിനു മറുപടി എന്നോണം ആണ് ടോപ് ഫോർ തേടുന്ന ഡേവിഡ് മോയസിന്റെ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ലെസ്റ്റർ സിറ്റി ഇന്ന് കളിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം മത്സരത്തിൽ ശക്തമായി തിരിച്ചു വന്ന അവർ അവസാന നിമിഷങ്ങളിൽ സമനില വഴങ്ങുക ആയിരുന്നു. മത്സരത്തിൽ തുടക്കത്തിൽ പിറകിൽ പോയെങ്കിലും ലെസ്റ്റർ സിറ്റിയാണ് കൂടുതൽ ആധിപത്യം പുലർത്തിയത്. ആദ്യ പകുതിയിൽ പ്രതിരോധ താരം ഇസ ഡിയോപ് ലെസ്റ്റർ പ്രതിരോധം കീറി മുറിച്ചു നൽകിയ ഒരു പാസിൽ നിന്നു മികച്ച ഫോമിലുള്ള ജെറോഡ് ബോവനിലൂടെ വെസ്റ്റ് ഹാം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. തുടർന്ന് മത്സരത്തിൽ തിരിച്ചു വരുന്ന ലെസ്റ്ററിനെ ആണ് കാണാനായത്. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ആരോൺ ക്രസ്വല്ലിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട യൂരി ടിലമൻസ് ലെസ്റ്ററിന് സമനില ഗോൾ നേടി നൽകി.
രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ ആണ് ലെസ്റ്റർ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിയത്. ഹാർവി ബാർൺസ് നൽകിയ മികച്ച ഒരു ബോളിൽ നിന്നു ഹെഡറിലൂടെ പോർച്ചുഗീസ് റൈറ്റ് ബാക്ക് റിക്കാർഡോ പെരെയ്രയാണ് ലെസ്റ്ററിന് വിജയഗോൾ സമ്മാനിച്ചത്. 2020 ജനുവരി 22 നു വെസ്റ്റ് ഹാമിനോട് ഗോൾ നേടിയ ശേഷം 753 ദിവസങ്ങൾക്ക് ശേഷം പെരെയ്ര നേടുന്ന ആദ്യ ലീഗ് ഗോൾ ആയിരുന്നു ഇത്. കിംഗ് പവറിൽ ലെസ്റ്റർ സിറ്റി വിജയം ഉറപ്പിച്ച ആരാധകരെ ഞെട്ടിച്ചു കൊണ്ടു ഇഞ്ച്വറി സമയത്ത് ആണ് വെസ്റ്റ് ഹാമിന്റെ സമനില ഗോൾ പിറന്നത്. ബോവന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ പ്രതിരോധ താരം ക്രെയിഗ് ഡോസൻ ആണ് വെസ്റ്റ് ഹാമിനു ഒരു പോയിന്റ് നേടി നൽകിയത്. ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന വെസ്റ്റ് ഹാം ലീഗിൽ നിലവിൽ നാലാം സ്ഥാനത്ത് തുടരും. അതേസമയം ആദ്യ പത്തിന് പുറത്ത് ആണ് ലീഗിൽ ഇപ്പോഴും ലെസ്റ്റർ സിറ്റി.