മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിൽ ആൾ എത്താതിനെ വിമർശിച്ച് പരിശീലകൻ പെപ് ഗാർഡിയോള. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആർ.ബി ലെപ്സിഗിന് എതിരായ 6-3 ന്റെ വലിയ വിജയത്തിന് ഇടയിലും സ്റ്റേഡിയത്തിൽ ഹോം ടീമിന്റെ ആരാധകർ കുറവ് ആയത് ആണ് ഗാർഡിയോളയെ ഇത്തരം ഒരു കാര്യം പറയാൻ നിർബന്ധിതനാക്കിയത്. മറ്റ് ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരമായ ലിവർപൂൾ, എ. സി മിലാൻ മത്സരത്തിൽ ആൻ ഫീൽഡ് നിറഞ്ഞിട്ടും എത്തിഹാതിൽ 55,000 സീറ്റുകളിൽ 38,000 അടുത്ത് മാത്രം കാണികൾ ആണ് കളി കാണാൻ ഉണ്ടായിരുന്നത്.
എന്നും സിറ്റിയുടെ മത്സരങ്ങൾ കാണാൻ കാണികൾ കുറയുന്നത് അവരെ പരിഹസിക്കാൻ മറ്റ് ടീമിന്റെ ആരാധകർ ഉപയോഗിക്കുന്ന ഒരു കാര്യമാണ്. എത്തിഹാദിന് ‘എംറ്റിഹാദ്’ എന്ന പരിഹാസ പേരും അവർ നൽകിയിട്ടുണ്ട്. പലപ്പോഴും സ്റ്റേഡിയം നിറക്കാൻ സിറ്റിക്ക് ആവുന്നുണ്ടായിരുന്നില്ല, പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ സിറ്റി സ്റ്റേഡിയത്തിൽ ഒരു പാട് ഒഴിഞ്ഞ സീറ്റുകൾ സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ 3 കളികളിൽ നിന്നു 16 ഗോളുകൾ അടിച്ചു സുന്ദര ഫുട്ബോൾ കളിക്കുന്ന ഉജ്ജ്വല ഫോമിലുള്ള ടീമിന്റെ കളി കാണാൻ ആരാധകർ എന്തിന് എത്തുന്നില്ല എന്നത് മനസ്സിലാവുന്നില്ല എന്നും ഗാർഡിയോള പറഞ്ഞു. അതേസമയം സൗത്താപ്റ്റന് എതിരായ അടുത്ത പ്രീമിയർ മത്സരത്തിൽ കൂടുതൽ ആരാധകർ സ്റ്റേഡിയത്തിൽ എത്തണം എന്നും ഗാർഡിയോള ആരാധകരോട് അപേക്ഷിച്ചു.