പ്രീമിയർ ലീഗിൽ ടോട്ടൻഹാം പരിശീലകനായി തന്റെ ആദ്യ ജയം കുറിച്ചു അന്റോണിയോ കോന്റെ. മാർസലോ ബിയേൽസയുടെ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ടോട്ടൻഹാം മറികടന്നത്.
പന്ത് കൈവശം വക്കുന്നതിൽ അടക്കം ലീഡ്സ് മുന്നിട്ട് നിന്ന മത്സരത്തിൽ ടോട്ടൻഹാം ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ഗോളിലേക്ക് ഉതിർത്തില്ല. ആദ്യ പകുതിയുടെ അവസാന നിമിഷം ജാക് ഹാരിസന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഡാനിയേൽ ജെയിംസ് ലീഡ്സിന് മത്സരത്തിൽ മുന്തൂക്കവും നൽകി.
രണ്ടാം പകുതിയിൽ പൊരുതാൻ ഉറച്ച് ഇറങ്ങിയ ടോട്ടൻഹാമിനെയാണ് കാണാൻ ആയത്. ഇതിന്റെ ഫലം ആയിരുന്നു രണ്ടാം പകുതിയുടെ 58 മത്തെ മിനിറ്റിൽ ഹോൽബെയിർ നേടിയ ഗോൾ. ലൂക്കാസ് മൗറയുടെ പാസിൽ നിന്നു ഇടൻ കാലൻ അടിയിലൂടെയാണ് ഡാനിഷ് താരം സമനില ഗോൾ നേടിയത്. 11 മിനിട്ടുകൾക്ക് ശേഷം ലഭിച്ച അവസരം ലക്ഷ്യം കണ്ട ഇടത് ബാക്ക് സെർജിയോ റെഗുലിയോൻ ടോട്ടൻഹാമിനു വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. ജയം കണ്ടെങ്കിലും തുടർച്ചയായ നാലാം മത്സരത്തിലും ഗോൾ നേടാൻ ആവാത്ത ഹാരി കെയിൻ, സോൺ എന്നിവരുടെ ഫോം കോന്റെക്ക് തലവേദന ആണ്. ജയത്തോടെ ടോട്ടൻഹാം മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നു ഏഴാം സ്ഥാനത്ത് എത്തി.